Latest NewsNewsIndia

ഇന്ത്യയുടെ പുത്രിമാരെ തെരുവിൽ വലിച്ചിഴയ്ക്കുന്നു, ഇതാണോ നമുക്ക് വാഗ്ദാനം ചെയ്യപ്പെട്ട ഇന്ത്യ?: സി.കെ വിനീത്

ന്യൂഡൽഹി: ലൈംഗിക അതിക്രമ കേസ് നേരിടുന്ന ബിജെപി നേതാവും ഗുസ്തി ഫെഡറേഷൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷൺ സിങ്ങിനെതിരെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ പിന്തുണച്ച് സി.കെ വിനീത്. ഗുസ്തി താരങ്ങൾക്ക് ഡൽഹി പോലീസിൽ നിന്നും നേരിടേണ്ടി വന്ന ക്രൂര നടപടിയിൽ പ്രതികരിക്കുകയായിരുന്നു വിനീത്. അന്താരാഷ്ട്ര വേദികളിൽ അഭിമാനപൂർവം ദേശീയ പതാക വീശിയ ഇന്ത്യയുടെ പുത്രിമാരെ ഇപ്പോൾ അതേ പതാകയുമായി തെരുവിൽ വലിച്ചിഴക്കപ്പെടുകയാണെന്ന് സി.കെ വിനീത് കുറ്റപ്പെടുത്തി.

‘ഇത് അവസാനിക്കുമെന്ന് കരുതി ഞാൻ ഒരുപാട് ദിവസം കാഴ്ചക്കാരനായി നോക്കിനിന്നു. എന്നാൽ ഇന്നത്തെ ചിത്രം എന്റെ ഉള്ളിൽ കൊണ്ടു. അന്താരാഷ്ട്ര വേദികളിൽ അഭിമാനത്തോടെ നമ്മുടെ പതാക വീശിയ ഇന്ത്യയുടെ വീര പുത്രിമാരാണിവർ. എന്നാൽ, ഇപ്പോൾ അതേ പതാകയുമായി അവർ തെരുവിലൂടെ വലിച്ചിഴക്കപ്പെടുകയാണെന്ന്.

ഗുസ്തി താരങ്ങളുടെ ആരോപണം ക്രിമിനൽ പശ്ചാത്തലമുള്ള ഒരു മനുഷ്യനെതിരെയാണ്. അദ്ദേഹം ഭരണകക്ഷിയിലെ ഒരു എം.പിയായതിനാൽ അധികാരവുമുണ്ട്. കുറ്റാരോപിതർക്കെതിരെ നടപടിയെടുക്കുന്നതിന് പകരം പ്രതിഷേധങ്ങളെ ബലമായി നിശബ്ദരാക്കുകയും അവരെ വേദനിപ്പിക്കുകയും ഒപ്പം നിൽക്കുന്നവരെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നതാണോ നിങ്ങൾ കാണുന്ന പരിഹാരം? ഒരു രാഷ്ട്രമെന്ന നിലയിൽ നമ്മൾ എങ്ങനെയാണ് ഈ അവസ്ഥയിൽ എത്തിയത്? ഇതാണോ നമുക്ക് വാഗ്ദാനം ചെയ്യപ്പെട്ട ഇന്ത്യ? നമ്മുടെ എല്ലാവരുടെയും മേലാണ് ഈ നാണക്കേട്’- വിനീത് വ്യക്തമാക്കി.

ഗുസ്തി താരങ്ങൾക്കെതിരായ പോലീസ് ഭരണകൂട ക്രൂരതയെ പരസ്യമായി അപലപിക്കാൻ പലരും മടിച്ചുനിൽക്കുമ്പോഴാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ മുൻ മുന്നേറ്റ താരമായ വിനീതിന്റെ ഇടപെടൽ എന്നതും ശ്രദ്ധേയം.

shortlink

Related Articles

Post Your Comments

Related Articles


Back to top button