കണ്ണൂര്‍: ചെറുപുഴയിലെ കൂട്ട ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മൂന്ന് കുട്ടികളെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുമ്പോൾ ശ്രീജ നാലാമതും ഗർഭിണിയായിരുന്നു. കുട്ടികളെ കൊലപ്പെടുത്തി ശ്രീജയും പങ്കാളി ഷാജിയും ആത്മഹത്യ ചെയ്യുന്നതിന് മുൻപ് വീട് അടിച്ചുതകർക്കാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു. ഭർത്താവിന്റെ വീട്ടിൽ ആയിരുന്നു ശ്രീജയും പുതിയ പങ്കാളിയും താമസിച്ചിരുന്നത്. ഇവിടെ നിന്നും ഇറങ്ങിപ്പോകണമെന്ന് ഭർത്താവ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് ആത്മഹത്യ.
വീടിൻ്റെ തറയിൽ പാകിയിരുന്ന ടെെലുകളും വാഷ്ബേസിനിലെ ടെെലുകളും ചുറ്റിക ഉപയോഗിച്ച് അടിച്ചുതകർത്ത നിലയിൽ കാണപ്പെടുകയായിരുന്നു. ആത്മഹത്യ ചെയ്യുന്നതിന് മുൻപ് പൊലീസ് സ്റ്റേഷനിൽ വിളിക്കുകയും ചെയ്തിരുന്നു. തങ്ങൾ കുട്ടികളേയും കൊന്ന് ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് പൊലീസിനെ അറിയിച്ച ശേഷമാണ് കുട്ടികളെ കൊലപ്പെടുത്തിയത്.
ശ്രീജയും ഷാജിയും ശ്രീജയുടെ മക്കളെ കൊലപ്പെടുത്തുകയായിരുന്നു എന്നും തുടർന്ന് ഇരുവരും ആത്മഹത്യ ചെയ്യുകയായിരുന്നു എന്നുമുള്ള നിഗമനത്തിലാണ് പൊലീസ്. കുട്ടികളെ കെട്ടിത്തൂക്കുന്നതിന് മുമ്പ് ഭക്ഷണത്തിൽ കലർത്തി ഉറക്കുഗുളിക നൽകിയെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. അതേസമയം ശ്രീജയുടെ മൂത്ത മകൻ സൂരജിനെ ജീവനോടെയാണ് കെട്ടിത്തൂക്കിയതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
Post Your Comments