കൊച്ചി: നടന്‍ ജോയ് മാത്യുവിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച ‘ബൈനറി’ സിനിമയുടെ പ്രവര്‍ത്തകര്‍ രംഗത്ത്. പ്രമോഷന് വേണ്ടി ജോയ് മാത്യു ഉള്‍പ്പെടുന്ന താരങ്ങള്‍ സഹകരിച്ചില്ല. കഴിഞ്ഞ ദിവസം ചിത്രം റിലീസ് ചെയ്തിരുന്നു. ലൊക്കേഷനില്‍ വച്ച് ചില ഡയലോഗുകള്‍ പറയാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് സ്‌ക്രിപ്റ്റ് വലിച്ചെറിയുകയും ചെയ്തു. നടന്മാരായ അനീഷ് രവിയും കൈലാഷും ചേര്‍ന്ന് പിന്നീട് സ്‌ക്രിപ്റ്റ് തിരുത്തി.
Read Also: കൊച്ചിയിൽ എം.ഡി.എം.എയുമായി നാല് യുവാക്കൾ പിടിയിൽ
കോസ്റ്റ്യൂമില്‍ സാമ്പാറിന്റെ അംശമുണ്ട് എന്ന് പറഞ്ഞ് അത് ഡിസൈനര്‍ യുവതിയുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞു. ഷൂട്ടിംഗ് ചെയ്യേണ്ട ക്യാമറയുടെ പേരിലും തര്‍ക്കമുണ്ടായി. സംവിധായകന്‍ ജാസിക് അലി, സഹനിര്‍മാതാവും സംഗീത സംവിധായകനുമായ രാജേഷ് ബാബു എന്നിവര്‍ ചേര്‍ന്ന് പത്രസമ്മേളനത്തിലാണ് നടന്‍ ജോയ് മാത്യുവിന് എതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്.
‘അഭിനയിച്ച താരങ്ങള്‍ പ്രമോഷനുവേണ്ടി സഹകരിച്ചിട്ടില്ല. സിനിമയില്‍ അഭിനയിച്ച ജോയ് മാത്യു പ്രമോഷനില്‍ സഹകരിക്കാത്തതിനെക്കുറിച്ച് കഴിഞ്ഞ ദിവസം ഞാന്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. എന്തിനെക്കുറിച്ചും ഏതിനെക്കുറിച്ചും ചര്‍ച്ച ചെയ്യുന്ന, ജോയ് മാത്യു എന്റെ വാക്കുകള്‍ക്ക് ഒരു പ്രതികരണവും നല്‍കിയിട്ടില്ല. സിജോയ് വര്‍ഗീസ്, കൈലാഷ് അടക്കമുള്ള താരങ്ങള്‍ ചിത്രത്തിലുണ്ട്. അവരും പ്രമോഷനില്‍ സഹകരിച്ചില്ല’.
‘മുഴുവന്‍ പ്രതിഫലവും വാങ്ങിയിട്ടാണ് അവര്‍ അഭിനയിക്കാന്‍ വരുന്നത്. ഒരു രൂപ കുറഞ്ഞാല്‍ വരില്ല. സിനിമയ്ക്കു വേണ്ടി എന്തുവേണമെങ്കിലും ചെയ്യാന്‍ തയാറാണെന്ന് പറഞ്ഞുകൊണ്ടാണ് പ്രതിഫലം പറയുന്നത്. അത് അക്കൗണ്ടില്‍ വന്നതിന് ശേഷമാണ് അവര്‍ ഷൂട്ടിങിനു വരുന്നത്. ഇനിയെങ്കിലും ഇതൊക്കെ കൃത്യമായി പറഞ്ഞ് കരാര്‍ ഒപ്പിട്ട് ഇവരോടൊക്കെ മേടിക്കണം എന്നേ ഇതില്‍ പുതിയതായി ഇറങ്ങാനിരിക്കുന്ന ആളുകളോട് പറയുവാനുള്ളത്,’ സംവിധായകന്‍ ജാസിക് അലി പറയുന്നു.
‘രണ്ടാം ഷെഡ്യൂളില്‍ സിനിമ മുടങ്ങുന്ന ഒരു അവസ്ഥ വന്നു. ആദ്യത്തെ നിര്‍മാതാവ് ജോയ് മാത്യുവിനെയാണ് ആദ്യം ചെന്ന് കണ്ടത്. തിരക്കഥ കൊടുത്തപ്പോള്‍ കൊള്ളാം, നന്നായിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ ലൊക്കേഷനില്‍ വന്നിട്ട് സ്‌ക്രിപ്റ്റ് വലിച്ചെറിഞ്ഞു.’എനിക്ക് ചെയ്യാന്‍ പറ്റില്ല, ഈ ഡയലോഗ് എനിക്ക് പറയാന്‍ പറ്റില്ല, മാറ്റിയെഴുതണം എന്ന് പറഞ്ഞു. എട്ടൊന്‍പത് മാസം ഇരുന്ന് കഷ്ടപ്പെട്ട് എഴുതിയ സ്‌ക്രിപ്റ്റ് മാറ്റുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്’ എന്ന് ജാസിക് ചൂണ്ടിക്കാട്ടി.
Post Your Comments