ആലപ്പുഴ: വളർത്തു നായയെ തലയ്ക്കടിച്ചും മണ്ണെണ്ണയൊഴിച്ച് കത്തിച്ചും കൊന്നതാണെന്ന ഉടമയുടെ പരാതിയെത്തുടർന്ന് ജഡം പുറത്തെടുത്ത് പരിശോധന. രണ്ടര മാസം മുൻപ് കൊന്ന് കൂഴിച്ചുമൂടിയ നായയുടെ ജഡമാണ് പുറത്തെടുത്ത് സാംപിൾ ശേഖരിച്ചത്. വെറ്ററിനറി സർജന്റെ സാന്നിധ്യത്തിൽ പുറത്തെടുത്ത ജഡത്തിൽ നിന്ന് സാംപിൾ ശേഖരിച്ച് തിരുവനന്തപുരത്തുള്ള ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചു.
എടത്വ തലവടി സ്വദേശി തോപ്പിൽചിറയിൽ മോൻസി ജേക്കബിന്റെ പരാതിയിലാണ് കേസ്. മാർച്ച് 13ന് രാത്രി മോൻസിയുടെ വീട്ടിലെ മതിൽക്കെട്ടിനുള്ളിൽ തുറന്നു വിട്ടിരുന്ന 2 വയസ്സുള്ള നായക്കുട്ടി മതിലിന് പുറത്ത് ചാടി. രണ്ടു ദിവസം നായയ്ക്കായി തിരച്ചിൽ നടത്തിയെങ്കിലും നായക്കുട്ടിയെ കണ്ടുകിട്ടിയില്ല. നായ സമീപവാസിയുടെ കിണറ്റിൽ വീണു എന്നും ചത്തതിനാൽ കുഴിച്ചിട്ടു എന്നുമാണ് പിന്നീട് വിവരം ലഭിച്ചത്. എന്നാൽ, കിണറ്റിൽ വീണ നായയെ കരയ്ക്കെടുത്തപ്പോൾ ആരോഗ്യവാനായിരുന്നെന്നും പിന്നീട് തലയ്ക്കടിച്ച് മൃതപ്രായനാക്കിയെന്നും മോൻസി അറിഞ്ഞു. അവശനായ നായയെ കുഴിച്ചിട്ടപ്പോൾ ചാടിയെണീക്കാൻ ശ്രമിച്ചെന്നും മണ്ണെണ്ണയൊഴിച്ച് കത്തിച്ച ശേഷം കുഴി മൂടുകയായിരുന്നെന്നുമാണ് ഇയാൾ അറിഞ്ഞത്.
14ന് മോൻസി ആദ്യം എടത്വ പൊലീസിൽ പരാതി നൽകി. തുടർനടപടി ഉണ്ടാകാതിരുന്നതിനെ തുടർന്ന് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തെ തുടർന്നാണ് ഇന്നലെ നായയുടെ ജഡം പുറത്തെടുത്തത്.
Post Your Comments