തിരുവനന്തപുരം: സ്‌പൈനൽ മസ്‌കുലാർ അട്രോഫി (എസ്എംഎ) ബാധിച്ച കുട്ടികളിൽ ഉണ്ടാകുന്ന നട്ടെല്ലിലെ വളവ് പരിഹരിക്കുന്ന അതിനൂതനമായ ശസ്ത്രക്രിയ സർക്കാർ മേഖലയിൽ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആരംഭിച്ചു. എസ്.എം.എ ബാധിച്ച കുട്ടികൾക്ക് സ്‌പൈൻ സ്‌കോളിയോസിസ് സർജറിയ്ക്കായി വേണ്ട സംവിധാനമൊരുക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് ഇക്കഴിഞ്ഞ ജനുവരിയിൽ യോഗം വിളിച്ചു ചേർത്തിരുന്നു.
ഇതിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ഓർത്തോപീഡിക് വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് സ്‌പൈൻ സ്‌കോളിയോസിസ് സർജറി നടത്തിയത്. സ്വകാര്യ ആശുപത്രികളിൽ 15 ലക്ഷത്തോളം രൂപ ചെലവുവരുന്ന സർജറിയാണ് മെഡിക്കൽ കോളജിൽ സർക്കാർ പദ്ധതിയിലൂടെ സൗജന്യമായി ചെയ്തത്. സർജറിയ്ക്ക് നേതൃത്വം നൽകിയ മുഴുവൻ ടീമിനേയും മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.
എസ്എംഎ ബാധിച്ച് കഴിഞ്ഞ 11 വർഷമായി വീൽച്ചെയറിൽ കഴിയുന്ന കോഴിക്കോട് സ്വദേശിനി പതിനാല് വയസുകാരിയാണ് വ്യാഴാഴ്ച ശസ്ത്രക്രിയയ്ക്ക് വിധേയയായത്. എട്ടുമണിക്കൂർ നീണ്ടുനിന്ന സങ്കീർണമായ ശസ്ത്രക്രിയയിൽ നട്ടെല്ലിലെ കശേരുക്കളിൽ ടൈറ്റാനിയം നിർമിത റോഡുകളുൾപ്പെടെയുള്ളവ ഘടിപ്പിച്ച് നട്ടെല്ലിലെ വളവ് നേരെയാക്കി. പെൺകുട്ടി സുഖം പ്രാപിച്ചു വരുന്നു. ഓർത്തോപീഡിക്‌സ് വിഭാഗത്തിലേയും അനസ്‌തേഷ്യ വിഭാഗത്തിലേയും നഴ്‌സിംഗ് വിഭാഗത്തിലേയും പ്രത്യേക പരിശീലനം ലഭിച്ചവരാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്. എസ്എംഎ ബാധിച്ച കുട്ടികൾക്ക് സ്വകാര്യ ആശുപത്രിയിൽ മാത്രം ചെയ്തിരുന്ന സർജറിയാണ് മെഡിക്കൽ കോളജിലും യാഥാർത്ഥ്യമാക്കിയത്.
Read Also: ശാന്തനായി നിന്ന അരിക്കൊമ്പന്‍ പരിഭ്രാന്തനായി വിരണ്ടോടാന്‍ കാരണം യൂട്യൂബര്‍ പറത്തിയ ഡ്രോണ്‍
Post Your Comments