സാഹസികത സഞ്ചാര പാതകൾ തിരഞ്ഞെടുക്കുന്നവർക്ക് കിടിലൻ അവസരവുമായി എത്തിയിരിക്കുകയാണ് ഉത്തരാഖണ്ഡ് ടൂറിസം ഡെവലപ്മെന്റ് ബോർഡ്. സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികൾക്ക് ഭഗീരഥി നദിയിലൂടെ റിവർ റാഫ്റ്റിംഗ് നടത്താനാണ് അവസരം ഒരുക്കിയിട്ടുള്ളത്. നിലവിൽ, ഭഗീരഥി നദിയിലൂടെ 3 റിവർ റാഫ്റ്റിംഗ് ഡെസ്റ്റിനേഷനുകളാണ് ഉള്ളത്. പ്രകൃതി ഭംഗിയും ഹിമാലയത്തിന്റെ കാഴ്ചകളും ഒത്തുചേർന്ന ഹർസിൽ താഴ്‌വരയിലൂടെയാണ് ഭഗീരഥി നദി ഒഴുകുന്നത്.
ജംഗ്ല, ജാല പാലങ്ങൾക്ക് കുറുകെയും റിവർ റാഫ്റ്റിംഗ് ഒരുക്കിയിട്ടുണ്ട്. ഉത്തരാഖണ്ഡിന്റെ ടൂറിസം വളർച്ചയ്ക്ക് കുതിപ്പേകാൻ റിവർ റാഫ്റ്റിംഗ് പദ്ധതിക്ക് കഴിയുമെന്നാണ് വിലയിരുത്തൽ. കൂടാതെ, ഈ മേഖലയിൽ പ്രാദേശികമായി ഒട്ടനവധി തൊഴിലവസരങ്ങളും സൃഷ്ടിക്കാൻ കഴിയും. പ്രശസ്ത ഹൈന്ദവ തീർത്ഥാടന കേന്ദ്രമായ ഗംഗോത്രിയുടെ സമീപമാണ് ഹർസിൽ താഴ്‌വര സ്ഥിതി ചെയ്യുന്നത്. ട്രെയിൻ മാർഗ്ഗം എത്തിച്ചേരാൻ ആഗ്രഹിക്കുന്നവർക്ക് ഋഷികേശാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. ഉത്തരാഖണ്ഡിലെ എല്ലാ പ്രധാന നഗരങ്ങളും ഹർസിലുമായി ബന്ധപ്പെട്ട് കിടക്കുന്നതിനാൽ എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കും.
Post Your Comments