ഒളവണ്ണയിലെ റെസ്റ്റോറൻ്റ് ഉടമ തിരൂർ സ്വദേശി സിദ്ദിഖിനെ(58) കൊന്ന് മൃതദേഹം കഷണങ്ങളാക്കി അട്ടപ്പാടിയിൽ ഉപേക്ഷിച്ച ട്രോളി ബാഗുകൾ പൊലീസ് കണ്ടെടുത്തു. അട്ടപ്പാടി ചുരത്തിലെ ഒൻപതാം വളവിൽ നിന്നാണ് രണ്ട് ട്രോളി ബാഗുകൾ പൊലീസ് കണ്ടെത്തിയത്. ഇവിടുത്തെ പാറക്കൂട്ടത്തിനിടയിലാണ് ഒരു ബാഗ് കാണപ്പെട്ടത്. രണ്ടാമത്തെ ബാഗ് അരുവിയിലും കിടന്നിരുന്നു. ബാഗ് കിടന്ന സ്ഥലത്തു നിന്ന് മാറ്റി പരിശോധന ആരംഭിച്ചു.
തിരൂർ പൊലീസും സ്ഥലത്തുണ്ട്. പ്രതികളിലൊരാളും പൊലീസിനൊപ്പം ഇവിടുണ്ടെന്നാണ് വിവരം. മൃതദേഹാവശിഷ്ടങ്ങൾ അടങ്ങിയ ബാഗിൽ നിന്ന് രൂക്ഷമായ ദുർഗന്ധമാണ് പ്രദേശത്ത് വ്യാപിച്ചിരിക്കുന്നത്. ട്രോളി ബാഗിലുണ്ടായിരുന്ന മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്ത് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മൃതദേഹം രണ്ടായി മുറിച്ച് രണ്ടു ബാഗുകളിൽ ആക്കുകയായിരുന്നു. ഒരു ബാഗിൽ അരയ്ക്കു മുകളിലോട്ടുള്ള ഭാഗവും മറ്റേ ബാഗിൽ അരയ്ക്ക് കീഴ്പോട്ടുള്ള ഭാഗവുമാണ് കണ്ടെത്തിയത്.
18നും 19നും ഇടയ്ക്കാണ് മരണം നടന്നത്. അതുകൊണ്ടു തന്നെ മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ട്. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ആഷിഖ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ട്രോളി ബാഗുകൾ കിടന്ന സ്ഥലം കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിൽ മൂന്നു പേർക്കും കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് കണ്ടെത്തൽ. പ്രതിയെന്ന് സംശയിക്കുന്ന ആഷിക്കിനെയും ഇവിടെ എത്തിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ചെന്നൈയിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത സിദ്ദീഖിന്റെ ഹോട്ടൽ ജീവനക്കാരനായ ഷിബിലി , ഒപ്പം പിടിയിലായ ഫർഹാന എന്നിവരെ ചെന്നൈയിൽ നിന്ന് ട്രെയിൻ മാർഗം തിരൂര് എത്തിക്കുമെന്നും പൊലീസ് അറിയിച്ചു. ഇവരെ ചോദ്യം ചെയ്തെങ്കിൽ മാത്രമേ കൊലപാതക കാരണം വ്യക്തമാകുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. സിദ്ദിഖിനെ കാണാനില്ലെന്ന് പറഞ്ഞ് മകൻ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സിദ്ദിഖിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നഷ്ടമായതായി കണ്ടെത്തി.
പിന്നിട് നടത്തിയ അന്വേഷണത്തിലാണ് ഹോട്ടലിൽ വച്ച് കൊലപാതകം നടന്നെന്ന് വ്യക്തമായത്. അതേസമയം ഫർഹാനയ്ക്കൊപ്പം പിടിയിലായ ഹോട്ടൽ ജീവനക്കാരൻ ഷിബിലി ഹോട്ടലിൽ ജോലി ചെയ്തത് 15 ദിവസം മാത്രമാണെന്ന് കൂടെ ജോലി ചെയ്ത യൂസഫ് വ്യക്തമാക്കിയിട്ടുണ്ട്. പെരുമാറ്റ ദൂഷ്യം കാരണം വ്യാഴാഴ്ചയോടെ ഷിബിലിയെ പുറത്താക്കിയെന്നുള്ള വിവരങ്ങളാണ് പുറത്തു വരുന്നത്.
കൊലചെയ്യപ്പെട്ട സിദ്ദിഖ് സാധാരണയായി ഒരാഴ്ചയോളം വീട്ടിൽനിന്നും വിട്ടുനിൽക്കുക പതിവുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ 18ന് ഫോൺ ഓഫ് ആകുകയും അതേദിവസം തന്നെ തുടർച്ചയായി വിവിധ ഇടങ്ങളിലെ എടിഎമ്മുകളിൽ നിന്നും പണം പിൻവലിച്ചതായി ഫോണിൽ സന്ദേശമെത്തിയിരുന്നു. ഇതിൽ സംശയം തോന്നി പൊലീസിൽ പരാതി നൽകിയതെന്ന് സിദ്ദിഖിന്റെ മകൻ ഷഹദ് അറിയിച്ചു.
ആദ്യം എടിഎമ്മിൽ നിന്നും നല്ലൊരു തുക പിൻവലിച്ചതായും പിന്നീട് പ്രതിദിനം പിൻവലിക്കാവുന്നതിന്റെ പരമാവധി തുക പിൻവലിച്ചതായുമാണ് കണ്ടെത്തിയത്. തുടർന്ന് 22ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഗൂഗിൾ പേ വഴിയും പണം പിൻവലിക്കപ്പെട്ടതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
Post Your Comments