ഡല്‍ഹി: മതിയായ കാരണമില്ലാതെ ദീര്‍ഘകാലം പങ്കാളിക്കു ലൈംഗിക ബന്ധം നിഷേധിക്കുന്നത് വിവാഹ ബന്ധത്തിലെ ക്രൂരതയാണെന്നും ഇത് വിവാഹമോചനം അനുവദിക്കുന്നതിനു കാരണമാവാമെന്നും വ്യക്തമാക്കി ഹൈക്കോടതി. വിവാഹമോചനം തേടി ഭര്‍ത്താവ് നല്‍കിയ ഹര്‍ജി അനുവദിച്ചുകൊണ്ടാണ് അലഹാബാദ് ഹൈക്കോടതിയുടെ ഉത്തരവ്.
വിവാഹ മോചനം നിഷേധിച്ച വാരാണസി കുടുംബ കോടതി വിധി ചോദ്യം ചെയ്താണ് ഭര്‍ത്താവ് ഹൈക്കോടതിയെ സമീപിച്ചത്. സാങ്കേതികമായി മാത്രം കാര്യങ്ങളെ വിലയിരുത്തിയാണ് കുടുംബ കോടതി വിധി പറഞ്ഞതെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഭാര്യ വിവാഹ ബന്ധത്തിന് ഒരു വിലയും കല്‍പ്പിക്കുന്നില്ലെന്നും പങ്കാളി എന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നില്ലെന്നും ഭര്‍ത്താവ് ഹര്‍ജിയില്‍ പറഞ്ഞു.
വിവാഹം കഴിഞ്ഞു കുറച്ചു കാലമായപ്പോഴേക്കും ഭാര്യ തനിക്കൊപ്പം കഴിയാന്‍ വിസമ്മതം പ്രകടിപ്പിച്ചു തുടങ്ങിയതായി ഭര്‍ത്താവ് പറഞ്ഞു. പിന്നീട് സ്വന്തം മാതാപിതാക്കളോടൊപ്പമാണ് ഭാര്യ കഴിഞ്ഞതെന്നും ഭര്‍ത്താവ് അറിയിച്ചു. ഏറെക്കാലമായി പിരിഞ്ഞാണ് താമസിക്കുന്നതെന്നും പങ്കാളികള്‍ എന്ന വിധത്തിലുള്ള ബന്ധമൊന്നും ഇപ്പോള്‍ തങ്ങള്‍ തമ്മില്‍ ഇല്ലെന്നും ഭര്‍ത്താവ് വ്യക്തമാക്കി. ഇതിനകം തന്നെ പരസ്പര സമ്മതത്തോടെ പിരിയാന്‍ തീരുമാനിച്ചതാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
‘മതിയായ കാരണമില്ലാതെ ദീര്‍ഘകാലം പങ്കാളിക്കു ലൈംഗിക ബന്ധം നിഷേധിക്കുന്നതു തന്നെ ക്രൂരതയാണെന്നു കോടതി വ്യക്തമാക്കി. വിവാഹ മോചനം അനുവദിക്കാന്‍ ഇത് മതിയായ കാരണമാണ്. ഇത്തരത്തില്‍ പിരിഞ്ഞ ദമ്പതികളെ വീണ്ടും ഒന്നിച്ചു താമസിക്കാന്‍ നിര്‍ബന്ധിക്കുന്നതില്‍ അര്‍ത്ഥമില്ല. കുടുംബ കോടതി അത്യധികം സാങ്കേതികമായാണ് കാര്യങ്ങളെ കണ്ടത്,’ ഹൈക്കോടതി പറഞ്ഞു.
Post Your Comments