തിരുവനന്തപുരം: കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്രസർക്കാരിന്റെ നടപടിയ്ക്കെതിരെ ധനകാര്യമന്ത്രി കെഎന്‍ ബാലഗോപാല്‍. കേന്ദ്രത്തിന്റെ നടപടിയില്‍ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. കുറച്ചുനാളുകളായി കേരളത്തിനുള്ള ഗ്രാന്റുകളും വായ്പകളും നിഷേധിക്കുകയും വെട്ടിക്കുറക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണെന്നും ഏതു വിധേനയും സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുക എന്നതായി മാറിയിരിക്കുന്നു കേന്ദ്രത്തിന്റെ സമീപനമെന്നും ധനകാര്യമന്ത്രി പറഞ്ഞു.
കെഎന്‍ ബാലഗോപാലിന്റെ വാക്കുകൾ ഇങ്ങനെ;
‘നടപ്പു വര്‍ഷം 32442 കോടി രൂപയുടെ വായ്പ എടുക്കാനുള്ള അനുമതി സാമ്പത്തിക വര്‍ഷാരംഭത്തില്‍ കേന്ദ്രം നല്‍കിയിരുന്നതാണ്. എന്നാല്‍, 15390 കോടി രൂപയുടെ അനുമതി മാത്രമാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഗ്രാന്റിനത്തില്‍ 10000 കോടിയുടെ വെട്ടിക്കുറവ് ഈ വര്‍ഷം വരുത്തിയതിന് പുറമെയാണിത്.
ഇത് കേരളത്തിലെ ജനങ്ങള്‍ക്കെതിരായുള്ള വെല്ലുവിളിയാണ്. സംസ്ഥാനത്തിന്റെ വികസന- ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുക എന്ന രാഷ്ട്രീയ ലക്ഷ്യവും ഇതിനു പിന്നിലുണ്ട്. ജനങ്ങളാകെ ഒരുമിച്ച് നിന്ന് ഈ തെറ്റായ നടപടിക്കെതിരെ ശബ്ദമുയര്‍ത്തേണ്ടതുണ്ട്. രാഷ്ട്രീയ ഭിന്നതകള്‍ മാറ്റിവെച്ച് സംസ്ഥാനത്തിന്റെ ഉത്തമ താല്‍പര്യം സംരക്ഷിക്കാനായി എല്ലാവരും ഒരുമിച്ച് നിന്ന് പ്രതിഷേധിക്കേണ്ട സന്ദര്‍ഭമാണിത്’.
Post Your Comments