കൊച്ചി: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവിനെ വിളിച്ച് വരുത്തി പണം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. കോഴിക്കോട് ചുങ്കം സ്വദേശി ശരണ്യ, മലപ്പുറം സ്വദേശിയായ യുവാവ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇടുക്കി അടിമാലി സ്വദേശിയായ യുവാവിനാണ് പണം നഷ്ടമായത്. സെക്സ് ചാറ്റ് നടത്തിയാണ് ശരണ്യ യുവാവിനെ തന്റെ വലയിൽ വീഴ്ത്തിയത്. പണം തട്ടിയത് കൂടാതെ, സെക്സ് ചാറ്റ് പരസ്യപ്പെടുത്തുമെന്ന് ശരണ്യയും സുഹൃത്തും ഭീഷണിപ്പെടുത്തിയതോടെയാണ് യുവാവ് പരാതിയുമായി പോലീസിനെ സമീപിച്ചത്.
രണ്ടാഴ്ച മുൻപാണ് ശരണ്യ യുവാവിന് ഇൻസ്റ്റഗ്രാമിൽ റിക്വസ്റ്റ് അയച്ചത്. ഇത് ആക്സപ്റ്റ് ചെയ്ത യുവാവിനോട് വളരെ അടുപ്പമുള്ള രീതിയിലായിരുന്നു ശരണ്യയുടെ ചാറ്റ്. പിന്നീട് സ്ഥിരമായി ഇവർ സെക്സ് ചാറ്റ് ചെയ്തുവന്നു. ശരണ്യയാണ് ഇതിന് തുടക്കം കുറിച്ചതെന്നാണ് പോലീസ് കരുതുന്നത്. ശേഷം നേരിൽ കാണാൻ വിളിച്ച് വരുത്തി. ശരണ്യ പറഞ്ഞതനുസരിച്ച് കൊച്ചിയിൽ എത്തിയ യുവാവിനെ കാത്തിരുന്നത് നല്ല സംഭവങ്ങൾ ആയിരുന്നില്ല.
എറണാകുളം പള്ളിമുക്കിൽ എത്തിയ യുവാവിനെ നേരത്തെ പ്ലാൻ ചെയ്തതനുസരിച്ച് ശരണ്യയ്ക്കൊപ്പമുണ്ടായിരുന്ന മറ്റു നാലുപേർ ദേഹോപദ്രവം ഏൽപ്പിക്കുകയും പണവും എ.ടി.എം കാർഡും കവർച്ച ചെയ്യുകയുമായിരുന്നു. നാലായിരം രൂപയോളം യുവാവിൽ നിന്നും തട്ടിയെടുത്തു. ആരെങ്കിലും അറിഞ്ഞാൽ തനിക്ക് നാണക്കേട് ആണല്ലോ എന്ന് കരുതി യുവാവ് സംഭവം ആരെയും അറിയിച്ചില്ല. എന്നാൽ, സെക്സ് ചാറ്റുകൾ പരസ്യപ്പെടുത്തും എന്ന് പറഞ്ഞ് പ്രതികൾ വീണ്ടും വിളിച്ചതോടെ യുവാവ് പോലീസിൽ പരാതിപ്പെടുകയായിരുന്നു. കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീഷണർ എസ് ശശിധരന്റെ നിർദ്ദേശത്തെ തുടർന്ന് എറണാകുളം സൗത്ത് പോലീസ്സ്റ്റേഷൻ ഇൻസ്പെക്ടർ എംഎസ് ഫൈസലിന്റെ നേതൃത്വത്തിൽ എസ്ഐമാരായ അജേഷ് ജെ കെ, വി ഉണ്ണികൃഷ്ണൻ, എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതികളെ കുടുക്കിയത്.
Post Your Comments