ചെന്നൈ: ഐ.പി.എല്ലില്‍ നിന്ന് ലഖ്‌നൗ സൂപ്പര്‍ ജെയ്ന്‍സ് പുറത്ത്. ഇന്നലെ നടന്ന എലിമിനേറ്ററില്‍ മുംബൈ ഇന്ത്യന്‍സാണ് ലഖ്‌നൗവിനെ കടപുഴക്കിയത്. 81 റണ്‍സിന്റെ ജയമാണ് മുംബൈ നേടിയത്. വെള്ളിയാഴ്ച നടക്കുന്ന ക്വാളിഫയര്‍ രണ്ടില്‍ മുംബൈ ഗുജറാത്ത് ടൈറ്റന്‍സുമായി ഏറ്റുമുട്ടും. നിലവിൽ ചെന്നൈ സൂപ്പർ കിങ്‌സ് ഫൈനലിൽ ഇടം നേടി കഴിഞ്ഞു. ചൊവ്വാഴ്ച ചെന്നൈയിൽ നടന്ന ക്വാളിഫയർ 1 ൽ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസിനെതിരെ മികച്ച വിജയം നേടിയതിന് പിന്നാലെയാണ് ചെന്നൈ ഫൈനലിൽ കസേര ഉറപ്പിച്ചത്.
ലീഗ് ഘട്ടങ്ങളിൽ മികച്ച ടീമായിരുന്ന, തങ്ങൾക്ക് ഇതുവരെ തോൽപ്പിക്കാൻ പറ്റാതിരുന്ന ഗുജറാത്ത് ടൈറ്റൻസിനെയാണ് ചെന്നൈ സൂപ്പർ കിങ്‌സ് അട്ടിമറിച്ച് ഫൈനലിൽ എത്തിയത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ തവണ ഫൈനലിൽ എത്തിയ ടീമും ചെന്നൈ തന്നെയാണ്. ഈ വർഷം എം.എസ് ധോണിയും കൂട്ടരും കപ്പുയർത്തുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. കാര്യങ്ങളുടെ പോക്ക് ഇങ്ങനെയാണെങ്കിൽ ചെന്നൈ-മുംബൈ ഫൈനലിനായിരിക്കും ഇത്തവണത്തെ ഐ.പി.എൽ സാക്ഷ്യം വഹിക്കുക.
അടുത്ത മത്സരത്തിൽ ഗുജറാത്തിനെ തോൽപ്പിച്ചാൽ മുംബൈയും ഫൈനൽ എത്തും. ഇത് ചെന്നൈയ്ക്ക് അത്ര സന്തോഷം നൽകുന്ന വാർത്ത അല്ല. ചെന്നൈ ബൗളിംഗ് പരിശീലകൻ ബ്രാവോ ഇക്കാര്യം തുറന്നു പറയുന്നുമുണ്ട്. ‘എനിക്ക് മുംബൈയെ പേടിയാണ്. ഞങ്ങൾ അങ്ങനെ ഒരു ഫൈനൽ ആഗ്രഹിക്കുന്നില്ല. എന്റെ വ്യക്തിപരമായ അഭിപ്രായം എന്തെന്നാൽ, എനിക്ക് മുംബൈയുമായി ഫൈനൽ വേണ്ട. എന്റെ സുഹൃത്ത് പൊള്ളാർഡിന് അത് അറിയാം. ഞങ്ങൾ ആരെ നേരിടാൻ പോകുന്നുവെന്ന് ഞങ്ങൾ കാത്തിരിക്കുകയാണ്. ഞങ്ങൾക്ക് ജയിക്കാൻ ആകുമെന്ന് കരുതുന്നു’, ബ്രാവോ പറഞ്ഞു.
Post Your Comments