കട്ടപ്പന: അണക്കരയ്ക്കു സമീപം നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് വയോധികൻ മരിച്ചു. അണക്കര പുത്തൻപുരയ്ക്കൽ വർഗീസ് ജോസഫ് (84) ആണ് മരിച്ചത്. ഓട്ടോറിക്ഷാ ഡ്രൈവർ ചക്കുപള്ളം സ്വദേശി മുരുകൻ കെ ജി, അണക്കരയിലെ സ്വകാര്യ ഡിസ്പെൻസറിയിലെ നഴ്സായ ഷീബ മാത്യു, വർഗീസ് ജോസഫ് എന്നിവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. മുരുകനും ഷീബ മാത്യുവിനും അപകടത്തിൽ പരിക്കേറ്റു.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനാണ് അപകടം. അണക്കരയിൽ നിന്നു ചക്കുപള്ളത്തിന് പോകുന്ന വഴിയിൽ കോഴിമല ഇറക്കത്തിലാണ് നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിഞ്ഞത്. മൂവരെയും ഉടൻ തന്നെ അണക്കരയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന്, കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. ആശുപത്രിയിൽ എത്തുന്നതിനു മുൻപുതന്നെ വർഗീസ് ജോസഫ് മരിച്ചിരുന്നു. മറ്റു രണ്ടുപേരുടെ പരിക്ക് ഗുരുതരമല്ല.
വണ്ടന്മേട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മരിച്ച വർഗീസിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു കൈമാറും.
Post Your Comments