ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ‘ട്രക്ക് യാത്ര’ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഡല്‍ഹിയില്‍ നിന്ന് ഷിംലയിലേക്കുള്ള യാത്രാമധ്യേ ഹരിയാനയിലെ അംബാലയില്‍ നിന്ന് ചണ്ഡീഗഡിലേക്ക് ട്രക്കിലാണ് രാഹുല്‍ യാത്ര ചെയ്തത്. ട്രക്ക് യാത്രയ്ക്കിടെ ഡ്രൈവര്‍മാരുടെ പ്രശ്‌നങ്ങള്‍ രാഹുല്‍ ചോദിച്ചറിഞ്ഞതായി പാര്‍ട്ടി പ്രവര്‍ത്തകര്‍ അറിയിച്ചു.
തിങ്കളാഴ്ച രാത്രിയിലേതാണ് വീഡിയോയെന്നാണ് സൂചന. അംബാലയ്ക്ക് സമീപമുള്ള ട്രക്ക് സ്റ്റോപ്പില്‍ നിന്നും വാഹനത്തില്‍ കയറി പോവുന്ന രാഹുല്‍ ഗാന്ധിയുടെ വീഡിയോ കോണ്‍ഗ്രസ് നേതാക്കളടക്കം ട്വിറ്ററില്‍ പങ്കവച്ചിട്ടുണ്ട്. ട്രക്കിനുള്ളിലിരുന്ന് രാഹുല്‍ ഗാന്ധി അനുയായികളെ നോക്കി കൈവീശുന്നതും വീഡിയോയില്‍ കാണാം. അംബാലയില്‍ ട്രക്ക് ഡ്രൈവര്‍മാരുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തിയതായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു.
‘എന്തുകൊണ്ടാണ് രാഹുല്‍ ഗാന്ധി യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളെയും കായിക താരങ്ങളെയും സിവില്‍ സര്‍വീസിന് തയ്യാറെടുക്കുന്ന യുവാക്കളെയും കര്‍ഷകരെയും ഡെലിവറി പാര്‍ട്ണര്‍മാരെയും ബസുകളിലെ സാധാരണ പൗരന്മാരെയും ഇപ്പോള്‍ അര്‍ദ്ധരാത്രി ട്രക്ക് ഡ്രൈവര്‍മാരെയും കാണുന്നത്? കാരണം, ഈ രാജ്യത്തെ ജനങ്ങളെ ശ്രദ്ധിക്കാനും അവരുടെ വെല്ലുവിളികളും പ്രശ്നങ്ങളും മനസ്സിലാക്കാനും രാഹുല്‍ ആഗ്രഹിക്കുന്നു. ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ഒരാളുണ്ട്, അവരുടെ നല്ല നാളേക്ക് വേണ്ടി എന്ത് ത്യാഗവും സഹിക്കാന്‍ തയ്യാറുള്ള ഒരാളുണ്ട്, വെറുപ്പിന്റെ വിപണിയില്‍ സ്‌നേഹത്തിന്റെ വഴി തുറക്കുന്ന ഒരാളുണ്ട് എന്ന വിശ്വാസമാണ് രാഹുല്‍ പ്രചരിപ്പിക്കുന്നത്. പതുക്കെ പതുക്കെ രാജ്യം രാഹുല്‍ ഗാന്ധിക്കൊപ്പം നീങ്ങാന്‍ തുടങ്ങുന്നു’, രാഹുലിന്റെ വീഡിയോ പങ്കിട്ട് കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റ് കുറിച്ചു.
അടുത്തിടെ ലണ്ടനില്‍ സന്ദര്‍ശനം നടത്തിയ രാഹുല്‍ അമേരിക്കയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്. സാന്‍ ഫ്രാന്‍സിസ്‌കോ, വാഷിംഗ്ടണ്‍, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ രാഹുല്‍ സന്ദര്‍ശനം നടത്തുമെന്ന് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഞായറാഴ്ച അറിയിച്ചു. അവിടെ അദ്ദേഹം രണ്ട് ഇന്ത്യന്‍ അമേരിക്കക്കാരുടെ യോഗങ്ങളെ അഭിസംബോധന ചെയ്യാനും പാര്‍ലമെന്റ് ഹൗസില്‍ നിയമനിര്‍മ്മാതാക്കളെയും തിങ്ക് ടാങ്ക് അംഗങ്ങളെയും കാണാനും സാധ്യതയുണ്ട്.
Post Your Comments