കൊച്ചി: ലൈംഗികാതിക്രമങ്ങൾക്ക് ഇരയാകുന്നവരെ പരിശോധിക്കാൻ വനിതാ ഗൈനക്കോളജിസ്റ്റുകൾ തന്നെ വേണമെന്ന് നിർബന്ധമാക്കി. പോക്സോ കേസുകളിലടക്കം ഇത് ബാധകമായിരിക്കും. പരിശോധനകൾ നിർദേശിക്കുന്ന മെഡിക്കോ-ലീഗൽ പ്രോട്ടോക്കോളിൽ ഈ വ്യവസ്ഥ ഉൾപ്പെടുത്തി ആഭ്യന്തരവകുപ്പ് ഭേദഗതി വരുത്തി. പുതിയ മാനദണ്ഡപ്രകാരം സമയപരിധിയില്ലാതെ ഗൈനക്കോളജിസ്റ്റുകൾ പരിശോധന നടത്തണം.
പീഡനം നടന്ന് 96 മണിക്കൂറിന് ശേഷം റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ ഏതെങ്കിലും സ്പെഷ്യാലിറ്റി ഉള്ള വനിതാ ഡോക്ടർ പരിശോധിച്ചാൽ മതിയെന്നായിരുന്നു നിലവിലെ പ്രോട്ടോക്കോൾ. ഇത്തരം കേസുകളിൽ ഗൈനക്കോളജിസ്റ്റുകൾ തന്നെ പരിശോധന നടത്തണമെന്ന് നേരത്തേ നിർദേശമുണ്ടായിരുന്നില്ല.
പരിശോധനകളിലെ പോരായ്മകൾമൂലം കുറ്റകൃത്യങ്ങളെപ്പറ്റി വ്യക്തമായ വിവരങ്ങൾ ശേഖരിക്കാനും സാഹചര്യങ്ങൾ വ്യക്തമായി വിലയിരുത്താനും കഴിയുന്നില്ലെന്ന് ഡോക്ടർമാരും പോലീസും പരാതിപ്പെട്ടിരുന്നു. കേസ് വാദത്തിനെത്തുമ്പോൾ പലപ്പോഴും തിരിച്ചടി ഉണ്ടാവുകയും പ്രതി രക്ഷപ്പെടുകയും ചെയ്യുമായിരുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ നേത്രരോഗ വിദഗ്ധ ഡോ എസ്ആർ ലക്ഷ്മി ഉൾപ്പെടെ ആറ് ഡോക്ടർമാർ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. ഇവിടെ നിന്നുള്ള വിധിപ്രകാരമാണ് പ്രോട്ടോക്കോളിൽ മാറ്റം വരുത്തിയത്. മെഡിക്കൽ കോളജ് ആശുപത്രികളിൽ പുതിയ വ്യവസ്ഥ നടപ്പാക്കാൻ ഡിഎംഇ ഉത്തരവിറക്കി.
Post Your Comments