![](/wp-content/uploads/2021/08/excise.jpg)
തിരുവനന്തപുരം: എംഡിഎംഎയുമായി ഡ്രോൺ ക്യാമറ വിദഗ്ദൻ കോട്ടയം എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡിന്റെ പിടിയിൽ. ഇടുക്കി ഉടുമ്പൻചോല സ്വദേശി അഷീഷ് ആന്റണി ആണ് പിടിയിലായത്. ഇയാളുടെ കയ്യിൽ നിന്ന് 4 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. വേഷം മാറി എത്തിയ എക്‌സൈസ് ഉദ്യോഗസ്ഥർ ചലച്ചിത്ര സീരിയൽ പ്രവർത്തകരാണെന്ന് പറഞ്ഞ് പരിചയപ്പെടുകയും, പിന്നീട് എംഡിഎംഎ ആവശ്യപ്പെട്ടപ്പോൾ കറുകച്ചാൽ നെടുങ്കുന്നത്ത് വച്ച് കൈമാറാമെന്ന് അറിയിച്ച് സ്ഥലത്ത് കാത്ത് നിൽക്കുമ്പോഴാണ് ഇയാൾ പിടിയിലാകുന്നത്.
ചങ്ങനാശ്ശേരി കേന്ദ്രീകരിച്ചുള്ള മയക്കു മാഫിയ സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാൾ. കോളേജ് വിദ്യാർത്ഥികൾക്ക് അടക്കം ഇയാൾ ഈ രാസ ലഹരി കൈമാറാറുണ്ടെന്നുള്ള രഹസ്യവിവരത്തെ അടിസ്ഥാനത്തിൽ ഒരു ആഴ്ച നീണ്ട നിരീക്ഷണത്തിനും അന്വേഷണങ്ങൾക്കും ഒടുവിലാണ് പ്രതി പിടിയിലായത് .കസ്റ്റഡിയിലെടുക്കുമ്പോഴും നിരവധി പേർ എംഡിഎംഎ ആവശ്യപ്പെട്ട് ഇയാളുടെ ഫോണിൽ ബന്ധപ്പെടുന്നുണ്ടെന്നതിനാൽ വൻ റാക്കറ്റ് ഈ സംഘത്തിലുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പ്രതിയുടെ പക്കൽ നിന്നും എംഡിഎംഎ വാങ്ങുന്നവർ, വിതരണക്കാർ എന്നിവരെക്കുറിച്ചും അന്വേഷണം ആരംഭിച്ചു.
കോട്ടയം എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർ അൽഫോൺസ് ജേക്കബ്, പ്രിവന്റീവ് ഓഫീസർമാരായ ബിനോദ് കെ ആർ, വിനോദ് കെ എൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ വിനോദ് കുമാർ വി, നിമേഷ് കെ എസ്, പ്രശോഭ് കെ വി, ഹാംലെറ്റ്, നിഫി ജേക്കബ്, ധന്യ മോൾ എം വി, അനിൽ കെ കെ എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.
Post Your Comments