ഇടുക്കി: മുക്കുപണ്ടം വച്ച് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ പിടിയിലായ സംഘത്തിന് വ്യാജ സ്വര്‍ണം നിര്‍മ്മിച്ച് നല്‍കിയ പ്രതികൾ പിടിയില്‍. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പുത്തന്‍വീട്ടില്‍ കുട്ടപ്പന്‍ (60), കോതമംഗലം ചേലാട് കരിങ്ങഴ വെട്ടുപറമ്പില്‍ റെജി (51) എന്നിവരെയാണ് കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. പീരുമേട് പൊലീസിന്റെ സഹായത്തോടെ കട്ടപ്പന ഡിവൈഎസ്പിയും സംഘവുമാണ് പ്രതികളെ പിടികൂടിയത്.
കേസില്‍ മുഖ്യപ്രതിയായ കുട്ടപ്പനാണ് തട്ടിപ്പ് സംഘത്തിന് മുക്കുപണ്ടം എത്തിച്ചു നല്‍കിയത്. കുട്ടപ്പന് വ്യാജ ആഭരണങ്ങള്‍ നിര്‍മ്മിച്ചു നല്‍കിയിരുന്നത് റെജിയാണ്. ഇരുവരുടെയും പേരില്‍ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളില്‍ മുക്കുപണ്ടം പണയംവച്ച് തട്ടിപ്പ് നടത്തിയതിനു കേസുകളുണ്ടെന്നും കുട്ടപ്പന്‍ വാഹന മോഷണക്കേസിലും പ്രതിയാണെന്നും പൊലീസ് പറഞ്ഞു.
കട്ടപ്പന സ്വദേശികളായ കാഞ്ചിയാര്‍ പാലാക്കട പുത്തന്‍പുരയ്ക്കല്‍ റൊമാറിയോ (29), മുളകരമേട് പാന്തേഴാത്ത് ശ്യാംകുമാര്‍(33), പേഴുംകവല പ്രസീദ് ബാലകൃഷ്ണന്‍ (38), അണക്കര അരുവിക്കുഴി സിജിന്‍ മാത്യു (30) എന്നിവരാണ് മുക്കുപണ്ടം പണയം വച്ച കേസില്‍ അറസ്റ്റിലായത്. ഇടുക്കിയിലെയും തമിഴ്‌നാട്ടിലെയും വിവിധ സ്ഥാപനങ്ങളില്‍ മുക്കുപണ്ടം പണയം വച്ചാണ് ഇവര്‍ ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തത്. കട്ടപ്പന, കുമളി, അണക്കര, തമിഴ്‌നാട്ടിലെ കമ്പം എന്നീ സ്ഥലങ്ങളിലാണ് പ്രതികള്‍ തട്ടിപ്പിനായി വ്യാജ സ്വര്‍ണം പണയം വച്ചത്.
Post Your Comments