രാജ്യത്ത് ഇലക്ട്രിക് വാഹന വിൽപ്പനയിൽ വൻ മുന്നേറ്റം. വിപണിയിൽ ഇത്തവണയും ഇരുചക്ര വാഹനങ്ങൾക്കാണ് ആവശ്യക്കാർ ഏറെയുള്ളത്. ഇതോടെ, 2023 ഏപ്രിലിലെ ഇലക്ട്രിക് ഇരുചക്ര വാഹന വിൽപ്പന 60,000 പിന്നിട്ടു. ഇലക്ട്രിക് വാഹനങ്ങൾക്ക് ഡിമാൻഡ് വർദ്ധിച്ചതോടെ നിരവധി പുതിയ കമ്പനികൾ ഈ രംഗത്തേക്ക് എത്തിയിട്ടുണ്ട്. വിപണി വിഹിതം നഷ്ടപ്പെടാതിരിക്കാൻ നിലവിലെ കമ്പനികൾ നിരവധി പുതിയ മോഡലുകളാണ് പുറത്തിറക്കുന്നത്. ഇതോടെ, ഇലക്ട്രിക് വാഹന വിപണിയിലെ മത്സരം കൂടുതൽ ശക്തമായിട്ടുണ്ട്.
ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഏപ്രിലിൽ ഇലക്ട്രിക് ഇരുചക്രവാഹന വിൽപ്പനയിൽ ഒന്നാം സ്ഥാനം നേടിയത് ഒലയാണ്. 21,882 യൂണിറ്റ് ടൂ വീലറുകളാണ് ഏപ്രിലിൽ ഒല വിറ്റഴിച്ചത്. 2022 ഏപ്രിലിൽ ഇത് 12,708 യൂണിറ്റായിരുന്നു. ഇത്തവണ വിപണിയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത് ടിവിഎസ് മോട്ടോഴ്സാണ്. ഏപ്രിലിൽ കമ്പനി ഐക്യൂബ് സ്കൂട്ടറിന്റെ 8,318 യൂണിറ്റുകളാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 1,498 യൂണിറ്റുകൾ മാത്രം വിറ്റഴിച്ച സ്ഥാനത്താണ് ഈ കുതിപ്പ്. ഇലക്ട്രിക് വാഹന വിൽപ്പനയിൽ ആംപിയർ ആണ് മൂന്നാം സ്ഥാനം നേടിയത്. കഴിഞ്ഞ മാസം 8,318 യൂണിറ്റുകളാണ് ആംപിയർ വിറ്റഴിച്ചിട്ടുള്ളത്.
Also Read: കനത്ത മഴയും കാറ്റും : മിന്നലിൽ വീടിന്‍റെ വയറിങ് കത്തിനശിച്ചു
Post Your Comments