
മുണ്ടക്കയം: ഇന്നോവ നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കോട്ടയം കുമരകത്തിനടുത്ത് ചെങ്ങളം മലയപറമ്പിൽ മുഹമ്മദ് ഹാത്തിം (24) ആണ് മരിച്ചത്.
കെകെ റോഡിൽ കാഞ്ഞിരപ്പള്ളിക്കും മുണ്ടക്കയത്തിനുമിടയിൽ ദേശീയപാതയിൽ ചിറ്റടി അട്ടിവളവിൽ ശനിയാഴ്ച രാത്രി 12.30നായിരുന്നു അപകടം നടന്നത്. കാഞ്ഞിരപ്പള്ളി പാറത്തോട് ബന്ധുവിന്റെ വിവാഹപാർട്ടിയിൽ പങ്കെടുത്ത ശേഷം കൂട്ടിക്കലിലുള്ള പിതൃസഹോദരിയുടെ വീട്ടിലേക്ക് പോകുംവഴിയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ഇന്നോവ കാർ സമീപത്തെ റബർതോട്ടത്തിലേക്ക് മറിയുകയായിരുന്നു. തൊട്ടുപിന്നാലെ മറ്റു രണ്ടു കാറുകളിലായി എത്തിയിരുന്ന ബന്ധുക്കൾ രക്ഷാപ്രവർത്തനം നടത്തി.
മുണ്ടക്കയം പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. അപകടത്തിൽപ്പെട്ടവരെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹാത്തിമിന്റെ ജീവൻ രക്ഷിക്കാനായില്ല.
കാറിൽ എട്ടു പേരുണ്ടായിരുന്നു. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് ഹാത്തിമിന്റെ മാതാവ് ബേനസീർ (56), സഹോദരി ലാമിയ മറിയം (27) എന്നിവരെ പാലാ മാർസ്ലീവ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ലാമിയ മറിയത്തിന്റെ ഒമ്പത് മാസം പ്രായമുള്ള മകൾ സിർവ അമ്രിൻ ഇവരുടെ കൈയിൽ ഉണ്ടായിരുന്നെങ്കിലും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
ബിടെക് ബിരുദധാരിയായ ഹാത്തിം കോട്ടയത്തെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. അഹമ്മദ് അഷറഫ്, ഐഷ മറിയം എന്നിവർ സഹോദരങ്ങളാണ്. മുഹമ്മദ് ഹാത്തിമിന്റെ കബറടക്കം നടത്തി.
Post Your Comments