ചോറ്റാനിക്കരയ്ക്കടുത്ത് വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്, ആർപിഎഫ് അന്വേഷണം ആരംഭിച്ചു

യാത്രക്കാരാണ് കല്ലേറുണ്ടായ വിവരം ടിടിആറിനെ അറിയിച്ചത്

സംസ്ഥാനത്ത് വന്ദേ ഭാരത് എക്സ്പ്രസിന് നേരെ വീണ്ടും കല്ലേറ്. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വന്ദേ ഭാരതിന് നേരെയാണ് കല്ലേറ് ഉണ്ടായത്. ചോറ്റാനിക്കര പോലീസ് സ്റ്റേഷൻ പരിധിയിലെ കുരീക്കാട് എന്ന സ്ഥലത്ത് വച്ചാണ് കല്ലേറ് നടന്നത്. കല്ലേറിൽ ട്രെയിനിന്റെ ചില്ലുകൾക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്.

ഇന്നലെ വൈകുന്നേരം സി ആർ കോച്ചിനു നേരെയാണ് കല്ല് പതിച്ചത്. യാത്രക്കാരാണ് കല്ലേറുണ്ടായ വിവരം ടിടിആറിനെ അറിയിച്ചത്. തുടർന്ന് ടിടിആർ ആർപിഎഫുമായി ബന്ധപ്പെടുകയും അന്വേഷണം ആരംഭിക്കുകയുമായിരുന്നു. ആർപിഎഫും പോലീസും സംയുക്തമായാണ് അന്വേഷണം ആരംഭിച്ചത്. വിജനമായ പ്രദേശമായതിനാൽ പ്രാഥമിക അന്വേഷണത്തിൽ ആരെയും കണ്ടെത്താൻ സാധിച്ചിട്ടില്ല. ആർപിഎഫ് അന്വേഷണം വീണ്ടും വ്യാപിപ്പിക്കുന്നതാണ്.

Also Read: 2000 രൂപ നോട്ടുകൾക്ക് വിലക്കേര്‍പ്പെടുത്തി ബെവ്കോയും, സർക്കുലർ പുറത്തിറക്കി

ഇതിനുമുൻപും വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ് ഉണ്ടായിട്ടുണ്ട്. കണ്ണൂർ വളപട്ടണത്ത് വെച്ചും, മലപ്പുറം തിരൂരിൽ വെച്ചുമാണ് കല്ലേറ് ഉണ്ടായത്. വളപട്ടണത്തുണ്ടായ കല്ലേറിൽ ട്രെയിനിന്റെ ജനൽ ചില്ലുകൾ പൊട്ടിയിരുന്നു. ഉദ്ഘാടനം ചെയ്ത് ദിവസങ്ങൾക്ക് ശേഷമാണ് തിരൂരിൽ വെച്ച് കല്ലേറ് ഉണ്ടായത്. സംഭവത്തിൽ ആരെയും പിടികൂടാൻ സാധിച്ചിട്ടില്ല.

Share
Leave a Comment