Latest NewsKeralaNews

കേരളത്തെ കൂടുതൽ ഉയരങ്ങളിലെത്തിക്കും: ഒരുമയും ഐക്യവും കൊണ്ട് നവകേരളം സാധ്യമാക്കാമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തെ കൂടുതൽ ഉയരങ്ങളിലേക്കെത്തിച്ചു നവകേരളം സാധ്യമാക്കണമെന്നും ഒരുമയും ഐക്യവും കൊണ്ട് ഇതു നേടിയെടുക്കാവുന്നതേയുള്ളൂവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ ആറു വർഷം കേരളത്തിലുണ്ടായ മാറ്റങ്ങളെ മറച്ചുപിടിച്ചാണു ചിലർ വിമർശനങ്ങൾ ഉയർത്തുന്നത്. കേരളം ഒരു മേഖലയിലും പിന്നോട്ടുപോയിട്ടില്ല, ഒരിടത്തും മരവിച്ചു നിന്നിട്ടുമില്ലെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷ സമാപന സമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

Read Also: സ്മൃതി ഇറാനി തിങ്കളാഴ്ച്ച സംസ്ഥാനത്തെത്തും: ഡോ വന്ദനാ ദാസിന്റെ മാതാപിതാക്കളെ സന്ദർശിക്കും

വരുന്ന 25 വർഷംകൊണ്ടു ലോകത്തിലെ വികസിത രാഷ്ട്രങ്ങളിലെ മധ്യവരുമാന രാഷ്ട്രങ്ങളുടെ നിലവാരത്തിലേക്ക് കേരളത്തിന്റെ ജീവിത നിലവാരം ഉയർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം. കഴിഞ്ഞ ഏഴു വർഷമായി സർക്കാർ തുടരുന്ന വികസന പദ്ധതികൾ സംസ്ഥാനത്തെ ഈ ലക്ഷ്യത്തിലേക്കു കൂടുതൽ അടുപ്പിക്കുകയാണ്. വലിയ നിരാശ ബാധിച്ചവരായിരുന്നു 2016നു മുൻപ് ഇവിടെയുണ്ടായിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇവിടെ ഒരു മാറ്റവുമുണ്ടാകില്ലെന്നും മാറ്റം പ്രതീക്ഷിക്കേണ്ടെന്നും കരുതിയവർ നിരവധിയായിരുന്നു. നാടിന്റെ അഭിമാന രംഗങ്ങളായിരുന്ന വിദ്യാഭ്യാസ, ആരോഗ്യ മേഖലകളുടെ പിന്നോട്ടുപോക്കും സാംസ്‌കാരിക നിലവാരത്തിലുണ്ടായ ജീർണതകളും അഴിമതിയുമൊക്കെ ഇതിനു കാരണമായി. ഈ നിലയിൽനിന്നാണ് ഇന്നു കാണുന്ന കേരളം ഉയിർത്തെഴുന്നേറ്റത്. എല്ലാ ദുരന്തങ്ങളേയും അതിജീവിച്ചു കേരളം മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഈ മുന്നേറ്റത്തെ താഴ്ത്തിക്കാണിക്കാനായി നുണ പ്രചരിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

പെൻഷനുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉയർത്തുന്ന ചില കാര്യങ്ങൾ തീർത്തും അടിസ്ഥാന രഹിതമാണെന്ന് ഇതുമായി ബന്ധപ്പെട്ട കണക്കുകൾ പരിശോധിച്ചാൽ വ്യക്തമാകും. 2016ൽ സർക്കാർ അധികാരത്തിലെത്തുമ്പോൾ 1473.67 കോടി രൂപ വിവിധ പെൻഷൻ ഇനങ്ങളിൽ കുടിശ്ശികയായിരുന്നു. രണ്ടു വർഷം വരെ പെൻഷൻ കിട്ടാത്തവർ അക്കാലത്തുണ്ടായിരുന്നു. കർഷകത്തൊഴിലാളികൾക്ക് 99.69 കോടി രൂപ, വാർധക്യ പെൻഷൻ 803.85 കോടി രൂപ, വികലാംഗ പെൻഷൻ 95.11 കോടി, അവിവാഹിത പെൻഷൻ 25.97 ലക്ഷം, വിധവാ പെൻഷൻ 449 കോടി എന്നിങ്ങനെയായിരുന്നു കണക്കുകൾ. ഈ കുടിശ്ശികയെല്ലാം പുതിയ സർക്കാർ കൊടുത്തുതീർത്തു. 600 രൂപയായിരുന്ന പെൻഷൻ തുക 1600 രൂപയാക്കി ഉയർത്തി. 18997 കോടി രൂപ സാമൂഹ്യ പെൻഷനായി വിതരണം ചെയ്തു. എല്ലാ പെൻഷനുകളും കൃത്യമായി നൽകുന്നു. പാവങ്ങളോട് പ്രതിബദ്ധതയുള്ള ഒരു സർക്കാരാണെന്നതുകൊണ്ടാണ് ഇതു സ്വീകരിക്കുന്നത്. അതാണ് സർക്കാരിന്റെ നയമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ചെറിയ കാര്യങ്ങളിൽപ്പോലും പ്രത്യേക ശ്രദ്ധ നൽകി സർക്കാർ നടപ്പാക്കിയ പദ്ധതികൾ വലിയ മാറ്റമാണ് നാട്ടിലുണ്ടാക്കിയത്. 2016ലെ സർക്കാർ അധികാരത്തിലെത്തിയ ശേഷം നെൽകൃഷി വർധിപ്പിക്കാൻ ശ്രമം നടത്തി. ഓരോ പ്രദേശത്തുമുള്ള തരിശുനിലങ്ങൾ കൃഷി ഭൂമിയാക്കാൻ നടത്തിയ ശ്രമങ്ങളോടു ജനങ്ങൾ പൂർണമായി സഹകരിച്ചു. അതിന്റെ ഫലമായി 1,70000 ഹെക്ടർ സ്ഥലത്തുണ്ടായിരുന്ന നെൽകൃഷി ഇപ്പോൾ 2,23,000 ഹെക്ടറായിരിക്കുന്നു. ഉത്പാദന ക്ഷമതയും വർധിച്ചു. പച്ചക്കറി ഉത്പാദനത്തിലും വലിയ നേട്ടമുണ്ടാക്കാൻ കഴിഞ്ഞു. ഈ സാമ്പത്തിക വർഷം സംസ്ഥാനത്തിന്റെ ജിഡിപി മുൻ വർഷത്തേക്കാൾ 12.01 ശതമാനം ഉയർന്നു. പ്രതിശീർഷ വരുമാനം അഖിലേന്ത്യാ ശരാശരിയുടെ ഇരട്ടിയായി. കേരളം പിന്നോട്ടു പോയിട്ടില്ലെന്നതിന്റെ വ്യക്തമായ കണക്കാണിത്. നൂറ്റാണ്ടിലെ മഹാപ്രളയവും അതിനു ശേഷമുണ്ടായ അതിരൂക്ഷ കാലവർഷക്കെടുതിയും നാടിനെ തകർത്തെറിഞ്ഞ അവസ്ഥയിൽ തലയിൽ കൈവച്ചു നിലവിളിക്കാനായിരുന്നില്ല കേരളം തയാറായത്. വികസനത്തിലൂന്നി, ഒരുമയോടെയും ഐക്യത്തോടെയും പ്രതിസന്ധികളെ അതിജീവിച്ചു. ഈ അതിജീവനത്തിന്റെ കണക്കാണ് ആഭ്യന്തര വരുമാനത്തിലുണ്ടായ ഈ വളർച്ചയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Read Also: തനിക്ക് വേണ്ടി ജനങ്ങളെ തടഞ്ഞ് ബുദ്ധിമുട്ടിക്കരുത്: നിർദ്ദേശം നൽകി സിദ്ധരാമയ്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button