തിരുവനന്തപുരം: ഏറ്റവും കൂടുതൽ സ്വർണക്കടത്ത് നടക്കുന്നത് കേരളത്തിലല്ല, ഉത്തരേന്ത്യയിലാണ് എന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞത് വലിയ വിവാദമായിരുന്നു. കേരളത്തിൽ കുറച്ചു പാവങ്ങൾ എവിടെയെങ്കിലും ഇത്തിരി സ്വർണം ഒളിപ്പിച്ച് കടത്തുന്നതിനെ മാദ്ധ്യമങ്ങളാണ് പെരുപ്പിച്ച് കാണിക്കുന്നത് എന്നായിരുന്നു ബ്രിട്ടാസിന്റെ വാദം. ജോൺ ബ്രിട്ടാസിന്റെ ഈ അവകാശവാദത്തിന് കണക്കുകൾ സഹിതം പുറത്തുവിട്ട് മറുപടി നൽകിയിരിക്കുകയാണ് രാഷ്‌ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ.
ശ്രീജിത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
ജോൺ ബ്രിട്ടാസ് നൽകിയ ഒരു യുട്യൂബ് അഭിമുഖത്തിൽ അദ്ദേഹം സ്വർണക്കള്ളക്കടത്തിനെപ്പറ്റി പരാമർശിക്കുന്ന ഒരു ഭാഗമുണ്ടായിരുന്നു. ഏറ്റവും കൂടുതൽ സ്വർണക്കടത്ത് നടക്കുന്നത് ഉത്തരേന്ത്യയിലാണ് എന്ന് ബ്രിട്ടാസ് അതിൽ പറയുന്നു. കുറച്ച് പാവങ്ങൾ ഗൾഫിൽ നിന്ന് ഇത്തിരി സ്വർണം ശരീരത്തിൽ ഒളിപ്പിച്ച് കൊണ്ടുവരുന്നത് മാത്രമാണ് കേരളത്തിൽ നടക്കുന്നത് എന്നു പറഞ്ഞ് ഇവിടെ നടക്കുന്ന സ്വർണക്കടത്തിനെ അദ്ദേഹം നിസ്സാരവൽക്കരിക്കുകയാണ്.
കണക്കുകൾ വച്ച് സംസാരിക്കാം എന്നും അദ്ദേഹം പറയുന്നു. അതുകൊണ്ടു തന്നെ കണക്കുകൾ വെച്ചുതന്നെ ബ്രിട്ടാസിന് മറുപടി നൽകാം. 2022 ഡിസംബറിൽ പാർലമെന്റിൽ അവതരിപ്പിച്ച കേന്ദ്രസർക്കാരിന്റെ തന്നെ ഒരു ഡേറ്റ വെച്ചാണ് ഞാൻ സംസാരിക്കുന്നത്. അതിൽ പറയുന്നതനുസരിച്ച്, 2022 നവംബർ വരെ എൻഫോഴ്സ്മെന്റ് ഏജൻസികൾ രാജ്യത്ത് പിടിച്ചത് 3083 കിലോഗ്രാം സ്വർണമാണ്. അതിൽ ഏറ്റവും കൂടുതൽ സ്വർണം പിടിക്കപ്പെട്ടത് കേരളത്തിൽ നിന്നാണ്.
2383 കിലോഗ്രാം 2021-ലും 2154 കിലോഗ്രാം സ്വർണം 2020-ലും രാജ്യത്ത് പിടിച്ചെടുത്തു. ഒന്നാം സ്ഥാനത്ത് കേരളമാണ്. മഹാരാഷ്‌ട്ര, തമിഴ്നാട്, ബംഗാൾ എന്നീ സംസ്ഥാനങ്ങളാണ് പിന്നിലുള്ളത്. 2022-ൽ കേരളത്തിൽ നിന്ന് പിടിച്ചെടുത്തത് 690 കിലോഗ്രാം സ്വർണമാണ്. ആദ്യത്തെ നാല് സ്ഥാനങ്ങളിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്ല എന്നതാണ് സത്യം. ഒരു പാർലമെന്റ് അംഗമെന്ന നിലയ്‌ക്ക് ഈ കണക്ക് ജോൺ ബ്രിട്ടാസിന് വിശ്വസിക്കാം.
ശരീരത്തിലെ രഹസ്യ ഭാഗങ്ങളിൽ ഒളിപ്പിച്ച് കേരളത്തിൽ സ്വർണം കൊണ്ടുവരുന്നത് ഏതോ പാവപ്പെട്ടവരാണ് എന്നുള്ള ചിന്ത ഇനിയെങ്കിലും ജോൺ ബ്രിട്ടാസ് മാറ്റണം. പാവപ്പെട്ടവർ എന്ന് പറയുന്നതിലൂടെ സ്വർണക്കടത്തിനെ നിസ്സാരവൽക്കരിക്കുകയാണ്. പാവപ്പെട്ടവർ ഇടനിലക്കാരായി മാറുന്നുണ്ടാവാം. പക്ഷെ കുറ്റകൃത്യങ്ങൾ ചെയ്താലുണ്ടാവുന്ന ശിക്ഷകളെപ്പറ്റി നന്നായി അറിയാവുന്ന പ്രബുദ്ധ മലയാളികൾ തന്നെയാണ് ഇത്തരം പ്രവർത്തികൾ ചെയ്യുന്ന എല്ലാവരും.
സ്വർണക്കടത്തിലും സ്വർണ മെഡൽ കേരളത്തിന് തന്നെയാണ്. എല്ലാത്തിലും കേരളമാണ് നമ്പർ വൺ, ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ എല്ലാം മോശമാണ് എന്നുള്ള പ്രസ്താവന കേരളത്തിലെ രാഷ്‌ട്രീയക്കാർ നടത്തി വരുന്നതാണ്. മറ്റ് ജനങ്ങളെ പോലെ തന്നെയാണ് ഇവിടുള്ളവരും. അല്ലാതെ, കേരളത്തിലെ ജനങ്ങൾ മാത്രം മറ്റുള്ളവരെക്കാൾ ശ്രേഷ്ഠരാണ് എന്ന് പറയുന്നത് ശരിയല്ല. സ്വർണക്കടത്ത് രാജ്യദ്രോഹ കുറ്റമാണ്. ഇന്ത്യയുടെ സാമ്പത്തിക സുരക്ഷിതത്വം തകർക്കാനുള്ള ഗൂഢശക്തികളുടെ പ്രവർത്തനത്തിന്റെ ഭാഗമാണ് സ്വർണക്കടത്ത്. അതിന്റെ കണ്ണിയാക്കപ്പെടുന്നവർ ആരായാലും അവരെ നിസ്സാരവൽക്കരിക്കരുത് .
Post Your Comments