പ്ലസ്ടുക്കാര്‍ക്ക് കേന്ദ്രസര്‍വീസില്‍ ജോലി നേടാം. നിയമനത്തിന് അവസരമൊരുക്കുന്ന കമ്പൈന്‍ഡ് ഹയര്‍ സെക്കന്‍ഡറി ലെവല്‍ പരീക്ഷയ്ക്ക് സ്റ്റാഫ് സെലക്ഷന് കമ്മിഷന് (എസ്.എസ്.സി.) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ലോവര്‍ ഡിവിഷന് ക്ലാര്‍ക്ക്/ ജൂനിയര്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിലേക്കാണ് തിരഞ്ഞെടുപ്പ്. 1600 ഒഴിവുകളാണ് വിജ്ഞാപനംചെയ്തിരിക്കുന്നത്. കേരളത്തില്‍ ആറ് പരീക്ഷാകേന്ദ്രങ്ങളുണ്ടായിരിക്കും.
കേന്ദ്രസര്‍ക്കാര്‍ മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, ഓഫീസുകള്‍, ഭരണഘടനാ സ്ഥാപനങ്ങള്‍, സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങള്‍, ട്രിബ്യൂണലുകള്‍ തുടങ്ങിയവയിലായിരിക്കും നിയമനം. അപേക്ഷ ഓണ്‍ലൈനായി ജൂണ്‍ 8-നകം സമര്‍പ്പിക്കണം. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ഒന്നാംഘട്ട കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ 2023 ഓഗസ്റ്റില്‍ നടക്കും.
ശമ്പളം: ലോവര്‍ ഡിവിഷന് ക്ലാര്‍ക്ക്/ ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയില്‍ 19,900-63,200 രൂപ (പേ ലെവല്‍-2). ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളില്‍ 25,500-81,100 (പേ ലെവല്‍-4), 29,200-92,300 രൂപ (പേ ലെവല്‍-5).
യോഗ്യത: അംഗീകൃത ബോര്‍ഡ്/ സര്‍വകലാശാല നടത്തുന്ന പന്ത്രണ്ടാംക്ലാസ്/ തത്തുല്യ പരീക്ഷ പാസായിരിക്കണം. എന്നാല്‍ കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ ഓഫീസ്, ഉപഭോക്തൃകാര്യ-ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം, സാംസ്കാരികമന്ത്രാലയം എന്നിവയിലെ ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് മാത്തമാറ്റിക്സ് ഒരു വിഷയമായി സയന്‍സ് സ്ട്രീമിലുള്ള പന്ത്രണ്ടാംക്ലാസ് വിജയം/ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. പന്ത്രണ്ടാംക്ലാസ് 01.08.2023-നകം പാസായിരിക്കണം.
പ്രായം: 01.08.2023-ന് 18-27 വയസ്സ് (അപേക്ഷകര്‍ 02.08.1996-നുമുന്‍പോ 01.08.2005-നുശേഷമോ ജനിച്ചവരായിരിക്കരുത്). എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാരിലെ ജനറല്‍ വിഭാഗത്തിന് 10 വര്‍ഷത്തെയും എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 15 വര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് 13 വര്‍ഷത്തെയും ഇളവ് ലഭിക്കും. വിധവകള്‍ക്കും പുനര്‍വിവാഹിതരാവാത്ത വിവാഹമോചിതകള്‍ക്കും 35 വയസ്സുവരെ (എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 40 വയസ്സുവരെ) അപേക്ഷിക്കാം. വിമുക്തഭടന്മാര്ക്കും നിയമാനുസൃത വയസ്സിളവുണ്ട്.
പരീക്ഷ: കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ ടയര്‍-I, ടയര്‍-II എന്നിങ്ങനെ രണ്ട് ഘട്ടങ്ങളായാണ് നടത്തുക. ടയര്‍-I പരീക്ഷയ്ക്ക് ഒരുമണിക്കൂറായിരിക്കും സമയം. സ്ക്രൈബിന്റെ സഹായത്തോടെ എഴുതുന്നവര്‍ക്ക് 20 മിനിറ്റ് അധികം അനുവദിക്കും. ഇംഗ്ലീഷ് ഭാഷ (അടിസ്ഥാന വിവരങ്ങള്‍), ജനറല്‍ ഇന്റലിജന്‍സ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ് (അടിസ്ഥാന ഗണിതം), പൊതുവിജ്ഞാനം എന്നിവയില്നിന്നായിരിക്കും ചോദ്യങ്ങള്‍.
പരീക്ഷ ഒബ്ജെക്ടീവ് ടൈപ്പ്, മള്‍ട്ടിപ്പിള്‍ ചോയ്സ് മാതൃകയിലായിരിക്കും. ഇംഗ്ലീഷ് ഭാഷയിലെ ഒഴികെയുള്ള ചോദ്യങ്ങള്‍ ഇംഗ്ലീഷിലോ ഹിന്ദിയിലോ മലയാളം ഉള്‍പ്പെടുന്ന വിവിധ പ്രാദേശികഭാഷകളിലോ ലഭിക്കും. ഏത് ഭാഷയില്‍ വേണമെന്നത് ഉദ്യോഗാര്‍ഥി അപേക്ഷയില്‍ രേഖപ്പെടുത്തണം. ഓരോ തെറ്റുത്തരത്തിനും അര മാര്‍ക്ക് നെഗറ്റീവ് ഉണ്ടായിരിക്കും.
ടയര്‍ I-ല്‍ നിന്ന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവര്ക്കായാണ് ടയര്‍-II പരീക്ഷ. ഇതിന്റെ ആദ്യഭാഗത്ത് മാത്തമാറ്റിക്കല്‍ എബിലിറ്റി, റീസണിങ് ആന്‍ഡ് ജനറല്‍ ഇന്റലിജന്റ്സ്, ഇംഗ്ലീഷ്, ജനറല്‍ അവേര്‍നെസ്, കംപ്യൂട്ടര്‍ നോളജ് എന്നിവയായിരിക്കും വിഷയങ്ങള്‍. രണ്ടാംഭാഗത്തില്‍ തസ്തികയ്ക്ക് ആവശ്യമായ സ്കില്‍ ടെസ്റ്റ്/ ടൈപ്പിങ് ടെസ്റ്റായിരിക്കും. ടയര്‍-I, ടയര്‍-II പരീക്ഷകളില്‍ ജനറല്‍ വിഭാഗത്തിന് 30 ശതമാനവും ഒ.ബി.സി./ ഇ.ഡബ്ല്യു.എസ്. വിഭാഗക്കാര്‍ക്ക് 25 ശതമാനവും മറ്റ് വിഭാഗക്കാര്‍ക്ക് 20 ശതമാനവുമാണ് മിനിമം മാര്‍ക്ക്.
പരീക്ഷാകേന്ദ്രങ്ങള്‍: ബെംഗളൂരു ആസ്ഥാനമായുള്ള കര്‍ണാടക-കേരള റീജണിലാണ് (കെ.കെ.ആര്.) കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്നത്. കേരളത്തില്‍ എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശ്ശൂര്‍, തിരുവനന്തപുരം എന്നിവയാണ് പരീക്ഷാകേന്ദ്രങ്ങള്‍. ലക്ഷദ്വീപില്‍ കവരത്തി പരീക്ഷാകേന്ദ്രമായിരിക്കും. അപേക്ഷകര്‍ക്ക് ഒരേ റീജണില്‍ പെടുന്ന മൂന്ന് കേന്ദ്രങ്ങള്‍ മുന്‍ഗണനാക്രമത്തില്‍ തിരഞ്ഞെടുക്കാം. പിന്നീട് മാറ്റം അനുവദിക്കില്ല.
അപേക്ഷാഫീസ്: വനിതകള്‍ക്കും എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടന്മാര്ക്കും ഫീസ് ബാധകമല്ല. മറ്റുള്ളവര്‍ക്ക് 100 രൂപയാണ് ഫീസ്. ഓണ്‍ലൈനായോ ജനറേറ്റ്ചെയ്ത ചലാന്‍ മുഖേന എസ്.ബി.ഐ. ബ്രാഞ്ചുകളിലോ ഫീസ് അടയ്ക്കാം. ചലാന്‍ മുഖേന അടയ്ക്കുന്നവര്‍ ഇതിനുള്ള ചലാന്‍ ജൂണ്‍ 11-നകം ജനറേറ്റ്ചെയ്യണം.
ഓണ്‍ലൈനായി ഫീസ് അടയ്ക്കുന്നതിനുള്ള അവസാന തീയതി – ജൂണ്‍ 10. ചലാന്‍ മുഖേന ഫീസ് അടയ്ക്കുന്നതിനുള്ള അവസാന തീയതി: ജൂണ്‍ 12.
അപേക്ഷാസമര്‍പ്പണം: https://ssc.nic.in. എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കണം.
അപേക്ഷയോടൊപ്പം ഫോട്ടോ അപ്ലോഡ്ചെയ്യുന്നത് JPEG ഫോര്‍മാറ്റില്‍ 20 KB മുതല്‍ 50 KB വരെ സൈസിലായിരിക്കണം. 3.5 സെ.മീ. വീതിയും 4.5. സെ.മീ. നീളവുമുണ്ടായിരിക്കണം. സമര്‍പ്പിച്ച ഓണ്‍ലൈന്‍ അപേക്ഷയില്‍ തിരുത്തല്‍ ആവശ്യമുള്ളമുള്ളവര്‍ക്ക് ജൂണ്‍ 14, 15 തീയതികളില്‍ ഇതിന് അവസരം ലഭിക്കും. തിരുത്തലിന് ഫീസ് ഈടാക്കും. അപേക്ഷാസമര്‍പ്പണത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങളുള്‍പ്പെടെ വിശദവിവരങ്ങള്‍ https://ssc.nic.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂണ്‍ 8.
Post Your Comments