ട്രെയിൻ യാത്രക്കാർക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. യാത്രാവേളയിൽ ടിക്കറ്റ് നഷ്ടപ്പെടുകയോ, കീറി പോവുകയോ ചെയ്താൽ ഇനി ടെൻഷൻ വേണ്ട. ഇത്തരത്തിൽ ടിക്കറ്റുകൾക്ക് കേടുപാടുകൾ സംഭവിച്ചാൽ പരിഹാരവുമായാണ് റെയിൽവേ എത്തിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, പഴയ ടിക്കറ്റിന് പകരം, ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റുകളാണ് റെയിൽവേ വാഗ്ദാനം ചെയ്യുന്നത്. എന്നാൽ, ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റ് ലഭിക്കുന്നതിനായി നിശ്ചിത തുക റെയിൽവേയ്ക്ക് അടയ്ക്കേണ്ടതുണ്ട്.
റിസർവേഷൻ ചാർട്ട് തയ്യാറാക്കുന്നതിനു മുൻപ് ടിക്കറ്റ് നഷ്ടപ്പെട്ടതായി റിപ്പോർട്ട് ചെയ്താൽ, സെക്കൻഡ് ക്ലാസ്, സ്ലീപ്പർ ക്ലാസ്സ് യാത്രക്കാർക്ക് 50 രൂപ അധികമടച്ച് ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റ് സ്വന്തമാക്കാനാകും. അതേസമയം, മറ്റ് ക്ലാസുകൾക്ക് ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റ് ലഭിക്കണമെങ്കിൽ 100 രൂപയാണ് ചെലവഴിക്കേണ്ടത്. റിസർവേഷൻ ചാർട്ട് തയ്യാറാക്കിയതിനുശേഷമാണ് ടിക്കറ്റ് നഷ്ടപ്പെടുന്നതെങ്കിൽ, യഥാർത്ഥ ടിക്കറ്റ് വിലയുടെ 50 ശതമാനം അടച്ച് ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റ് നേടാം. ഈ ആനുകൂല്യങ്ങൾ കൺഫോമായ ടിക്കറ്റുകൾക്ക് മാത്രമേ ലഭിക്കുകയുള്ളൂ എന്ന് പ്രത്യേകം ശ്രദ്ധിക്കണം.
റിസർവേഷൻ ടിക്കറ്റുകൾ കീറി പോകുകയോ, കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ യഥാർത്ഥ നിരക്കിന്റെ 25 ശതമാനം നൽകി ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റ് നേടാവുന്നതാണ്. അതേസമയം, വെയിറ്റിംഗ് ലിസ്റ്റിലെ നഷ്ടപ്പെട്ട ടിക്കറ്റുകൾക്ക് ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റുകൾ നൽകാൻ സാധിക്കുകയില്ല. ട്രെയിൻ പുറപ്പെടുന്നതിനു മുൻപ് ഒറിജിനൽ ടിക്കറ്റ് കണ്ടെത്തി ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റിനൊപ്പം നൽകിയാൽ, ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റിന്റെ വില ഉപഭോക്താവിന് തിരികെ ലഭിക്കുന്നതാണ്.
Post Your Comments