വേനൽ മഴ അകന്നതോടെ സംസ്ഥാനത്ത് വീണ്ടും താപനില ഉയരുന്നു. സാധാരണയെക്കാൾ രണ്ട് ഡിഗ്രി മുതൽ നാല് ഡിഗ്രി വരെ ചൂടാണ് അനുഭവപ്പെടാൻ സാധ്യത. അതിനാൽ, ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഉയർന്ന താപനിലയെ തുടർന്ന് ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. കോഴിക്കോട്, കണ്ണൂർ, പാലക്കാട്, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ ജില്ലകൾക്കാണ് ജാഗ്രതാ നിർദ്ദേശം നൽകിയത്. വരും ദിവസങ്ങളിലും ഈ ജില്ലകളിൽ ഉയർന്ന താപനില അനുഭവപ്പെടാനാണ് സാധ്യത.
കോഴിക്കോട് ജില്ലയിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും, കണ്ണൂർ, പാലക്കാട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ ജില്ലകളിൽ 35 ഡിഗ്രി സെൽഷ്യസ് വരെയുമാണ് താപനില ഉയരുക. ഈ ജില്ലകളിൽ ഉയർന്ന താപനിലയും, അന്തരീക്ഷത്തിൽ ഈർപ്പമുള്ള വായുവും നിലനിൽക്കുന്നതിനാൽ ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയാണ് അനുഭവപ്പെടുക. അതേസമയം, മലയോര മേഖലയിൽ ചൂടിന് നേരിയ ശമനം ഉണ്ടായിരിക്കുന്നതാണ്. ജൂൺ ആദ്യ വാരത്തോടെയാണ് സംസ്ഥാനത്ത് കാലവർഷം എത്തുക.
Post Your Comments