കോട്ടയം: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കോട്ടയത്തെ പങ്കാളിയെ കൈമാറ്റം ചെയ്യൽ കേസിലെ പരാതിക്കാരിയെ ഭർത്താവ് വെട്ടിക്കൊന്നു. ഇന്ന് രാവിലെ മണർകാട്ടെ വീട്ടിലെത്തിയാണ് അക്രമം നടത്തിയത്. ഭർത്താവിനെതിരെ യുവതി പരാതി നൽകിയിരുന്നു. തുടർന്നായിരുന്നു അറസ്റ്റും മറ്റ് നടപടികളും. എന്നാൽ, കേസിൽ ജാമ്യത്തിലിറങ്ങിയ ഇയാൾ ഭാര്യയുടെ വീട്ടിൽ കയറിച്ചെന്ന് ഇവരെ കൊലപ്പെടുത്തുകയായിരുന്നു. അക്രമം നടത്തിയ ശേഷം ഇയാൾ സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. പ്രതിക്കായുള്ള തിരച്ചിൽ ആരംഭിച്ച് പോലീസ്.
2022 ജനുവരിയിലാണ് കേരളത്തിന് അത്ര കേട്ട് പരിചയം ഇല്ലാത്ത പങ്കാളി കൈമാറ്റ കേസ് നടക്കുന്നത്. കോട്ടയം കറുകച്ചാലില്‍ പങ്കാളികളെ പരസ്പരം കൈമാറുന്ന (Partner Swapping) സംഘം പിടിയിലായത്. ഭർത്താവ് തന്നെ മറ്റൊരാള്‍ക്കൊപ്പം പോകാൻ നിർബന്ധിച്ചെന്ന യുവതിയുടെ പരാതിക്ക് പിന്നാലെയായിരുന്നു അറസ്റ്റ്. സമൂഹമാധ്യമങ്ങള്‍ വഴി പങ്കാളികളെ കൈമാറി ലൈംഗിക ചൂഷണം നടത്തുന്ന വലിയ സംഘത്തെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്. ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നിരവധി പേര് ലൈംഗിക ചൂഷണത്തിനും പ്രകൃതി വിരുദ്ധ വേഴ്ചയ്ക്കും ഇരയാക്കപ്പെട്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
മെസഞ്ചർ, ടെലിഗ്രാം ഗ്രൂപ്പുകൾ വഴിയാണ് സംഘം ഭാര്യമാരെ പരസ്പരം പങ്കുവയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. കപ്പിൾ മീറ്റ് അപ്പ് കേരള എന്ന ഗ്രൂപ്പ് വഴിയാണ് പ്രധാനമായും പ്രവർത്തനം നടന്നിരുന്നത്. ഭര്‍ത്താവിനെതിരെ ചങ്ങനാശ്ശേരി സ്വദേശിനിയായ യുവതിയായിരുന്നു പരാതി നൽകിയത്. ഭര്‍ത്താവ് മറ്റുള്ളവരുമായി ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുന്നു എന്നായിരുന്നു യുവതിയുടെ പരാതി. പരാതിക്കാരി ഒമ്പത് പേരുടെ ക്രൂര പീഡനത്തിന് ഇരയായതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഭാര്യമാരെ ഭീഷണിപ്പെടുത്തിയും ശാരീരികമായി ഉപദ്രവിച്ചും പരസ്പരം കൈമാറി ലൈംഗിക വേഴ്ചയ്ക്ക് നിര്‍ബന്ധിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു.
Post Your Comments