പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോണിൽ നിന്നും ഉൽപ്പന്നങ്ങൾ പർച്ചേസ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് തിരിച്ചടി. ആമസോണിൽ നിന്നും ഷോപ്പിൽ നടത്തുമ്പോൾ ഇനി കൂടുതൽ പണം നൽകേണ്ടിവരും. റിപ്പോർട്ടുകൾ പ്രകാരം, കമ്പനിയുടെ വിൽപ്പന ഫീസും, കമ്മീഷൻ ചാർജുകളും പരിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് ഷോപ്പിംഗ് ചെലവും അനുപാതികമായി വർദ്ധിക്കുന്നത്. കൂടാതെ, ഉൽപ്പന്നങ്ങളുടെ റിട്ടേണുകൾ കൈകാര്യം ചെയ്യുന്നതിനുള്ള ഫീസും വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്.
വസ്ത്രങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, പലചരക്ക് സാധനങ്ങൾ, മരുന്നുകൾ തുടങ്ങിയ വിഭാഗങ്ങളിലെ വിൽപ്പന ഫീസാണ് ഉയർത്താൻ സാധ്യത. ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകൾ വഴി വിൽപ്പന നടത്തുന്ന കച്ചവടക്കാരിൽ നിന്നും കമ്പനി കമ്മീഷനുകളും, മറ്റു ഫീസുകളും ഈടാക്കാറുണ്ട്. ഇതിലൂടെയാണ് പ്രധാനമായും വരുമാനം കണ്ടെത്തുന്നത്. ഇ- കൊമേഴ്സ് സൈറ്റുകൾ ഫീസുകൾ ഉയർത്തുന്നതോടുകൂടി വിൽപ്പനക്കാർക്ക് ഉൽപ്പന്നങ്ങളുടെ വില ഉയർത്തേണ്ടതായി വരും. വിപണിയിലെ മാറ്റങ്ങളും, വിവിധ സാമ്പത്തിക ഘടകങ്ങളും അടിസ്ഥാനപ്പെടുത്തിയാണ് ഫീസ് വർദ്ധിപ്പിച്ചിട്ടുള്ളതെന്ന് കമ്പനി വ്യക്തമാക്കി. അതേസമയം, ഉൽപ്പന്നങ്ങളുടെ ഡെലിവറി ചാർജ് 20 ശതമാനം മുതൽ 23 ശതമാനം വരെ ഉയർത്തിയിട്ടുണ്ട്.
Post Your Comments