
തിരുവനന്തപുരം: യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസില്‍ കുപ്രസിദ്ധ ഗുണ്ട ഓട്ടോ ജയൻ അറസ്റ്റിൽ. തോപ്പിൽ പാലത്തിനു സമീപം തിട്ടയിൽ മുക്കിൽ ഇലഞ്ചിക്കോട് വീട്ടിൽ ഓട്ടോ ജയൻ എന്ന ജയനെയാണ് ചിറയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തത്. ചിറയിൻകീഴ്, ആറ്റിങ്ങൽ, കടയ്‌ക്കാവൂർ, വർക്കല, അഞ്ചുതെങ്, കൊട്ടിയം തുടങ്ങി നിരവധി പോലീസ് സ്റ്റേഷനുകളിൽ പ്രതിയാണ് ഇയാൾ. കൊച്ചാലുമൂട് സ്വദേശിയായ അനസിനെയാണ് പ്രതി വെട്ടിപ്പരിക്കേൽപ്പിച്ചത്.
ഇക്കഴിഞ്ഞ 11-ാം തിയതി വൈകീട്ട് അഞ്ചരയോടെ ജയന്റെ വീടിന് സമീപത്തു വെച്ച് സുഹൃത്തുമായി സംസാരിച്ചു നിന്ന അനസിനെ അവിടെ വന്നത് എന്തിന് എന്ന് ചോദ്യം ചെയ്തു കൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. തലയ്‌ക്കും കൈക്കും പരിക്കേറ്റ അനസിനെ തിരുവന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
സംഭവശേഷം ഒളിവിലായിരുന്ന പ്രതിയെ ഇന്നലെ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് പരിസരത്ത് നിന്ന് ചിറയിൻകീഴ് സിഐ ജിബി മുകേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments