ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലേക്ക് വീണ്ടും നിക്ഷേപമൊഴുകുന്നു, പ്രതീക്ഷയോടെ വിപണി

പുതിയ സാമ്പത്തിക വർഷമായ ഏപ്രിലിൽ 124 കോടി രൂപയുടെ നിക്ഷേപം നേടാൻ സാധിച്ചിട്ടുണ്ട്

വിപണിയിൽ പുത്തൻ പ്രതീക്ഷ പകർന്ന് ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലേക്ക് (ഗോൾഡ് ഇ.ടി.എഫ്) വീണ്ടും നിക്ഷേപമൊഴുകുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഗോൾഡ് ഇ.ടി.എഫുകൾ വലിയ രീതിയിലുള്ള തിരിച്ചടിയാണ് നേരിട്ടതെങ്കിലും, പുതിയ സാമ്പത്തിക വർഷത്തിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ മാർച്ചിൽ 266 കോടി രൂപയുടെ നിക്ഷേപം നഷ്ടമാണ് ഗോൾഡ് ഇ.ടി.എഫുകൾ നേരിട്ടത്. എന്നാൽ, പുതിയ സാമ്പത്തിക വർഷമായ ഏപ്രിലിൽ 124 കോടി രൂപയുടെ നിക്ഷേപം നേടാൻ സാധിച്ചിട്ടുണ്ട്.

2022-23 സാമ്പത്തിക വർഷത്തെ മൊത്തം ഗോൾഡ് ഇ.ടി.എഫ് നിക്ഷേപം കഴിഞ്ഞ നാല് വർഷത്തെ ഏറ്റവും താഴ്ചയിലായതിനാൽ, വിപണിയിൽ പ്രതീക്ഷ മങ്ങിയിരുന്നു. എന്നാൽ, ഏപ്രിലിൽ ഇവ വീണ്ടും തിരിച്ചുകയറുകയായിരുന്നു. ഗോൾഡ് ഇ.ടി.എഫുകൾ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി മാർച്ചിലെ 22,737 കോടി രൂപയിൽ നിന്നും 22,950 കോടി രൂപയായിട്ടുണ്ട്. ഭൗതിക സ്വർണവില അടിസ്ഥാനമാക്കി തന്നെ ആഭരണങ്ങൾക്ക് പകരം ബുളള്യനുകളിൽ നിക്ഷേപം നടത്തുന്ന മാർഗ്ഗത്തെയാണ് ഗോൾഡ് ഇ.ടി.എഫ് എന്ന് വിശേഷിപ്പിക്കാറുള്ളത്.

Also Read: സ്വന്തം പേരിൽ മറ്റാരെങ്കിലും ഫോൺ കണക്ഷൻ എടുത്തിട്ടുണ്ടോ: കണ്ടെത്താം ഈ മാർഗത്തിലൂടെ

Share
Leave a Comment