CinemaMollywoodLatest NewsKeralaNewsEntertainment

‘ഡാം തുറന്നു വിട്ടതുകൊണ്ടുണ്ടായ പ്രളയമെന്ന ധ്വനി, പള്ളീലച്ചൻ കൂട്ടമണിയടിച്ചതോണ്ട് മാത്രം രക്ഷപെട്ട കേരളം’: കുറിപ്പ്

കൊച്ചി: ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ‘2018’ എന്ന ചിത്രം തീയേറ്ററുകളിൽ നൂറ് കോടിയിലേറെ കളക്ഷൻ നേടി മുന്നേറുകയാണ്. ഇതിനിടെ സിനിമയ്‌ക്കെതിരെ വിമർശനവുമായി സി.പി.എമ്മുകാർ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, വസ്തുതയെ അങ്ങനെയല്ലാതാക്കി ജൂഡ് നിർമിച്ച സിനിമയാണ് 2018 എന്ന് ഡിജിറ്റൽ ക്രിയേറ്റർ ഹണി ഭാസ്കരൻ പറയുന്നു. പ്രളയകാലത്ത് എല്ലാത്തിനും മുന്നിൽ നിന്ന് നയിച്ച മുഖ്യമന്ത്രിയെയും, പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച സർക്കാർ സംവിധാനങ്ങളെയും ജൂഡ് സിനിമയിൽ കാണിക്കാതിരുന്നതിലൂടെ ജൂഡ് രാഷ്ട്രീയ അൽപ്പത്തരം വാരിവിതറുകയാണ് ചെയ്തതെന്ന് ഹണി ചൂണ്ടിക്കാട്ടുന്നു. ഡാം തുറന്നു വിട്ടതുകൊണ്ടുണ്ടായ പ്രളയമെന്ന ധ്വനി ചിത്രത്തിലുണ്ടെന്നും, പള്ളീലച്ചൻ കൂട്ടമണിയടിച്ചതോണ്ട് മാത്രം രക്ഷപെട്ട കേരളം എന്ന തരത്തിലാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും യുവതിയുടെ വൈറൽ കുറിപ്പിൽ പറയുന്നു.

‘നാട്ടിലോ പുറത്തോ രക്ഷാപ്രവർത്തന മുന്നേറ്റങ്ങളിൽ ആ ദിവസങ്ങളിൽ ആരും മതവും രാഷ്ട്രീയവും നോക്കിയിരുന്നില്ല ജൂഡ്. സിനിമയിൽ മുസ്ളീം സമുദായത്തോട് കാണിച്ച അവഗണന കണ്ടപ്പോൾ എനിക്കിവരെയെല്ലാമോർത്തു കണ്ണു നിറഞ്ഞു. രണ്ടു സീനിൽ മാത്രം തല കാണിച്ച് പരമാവധി നിസ്സഹായനാക്കി കാണിച്ച മുഖ്യമന്ത്രിയെ അങ്ങേയറ്റം ദുർബലനാക്കിയാണ് ജൂഡ് കാണിച്ചിരിക്കുന്നത്. ‘നമ്മളൊരുമിച്ചിറങ്ങുകയല്ലേ’ എന്നു ചോദിച്ച് പ്രതിപക്ഷത്തിന്റെ കൂടി തോൾ ചേർന്ന് ഹൃദയപക്ഷമാക്കി മുന്നിട്ടിറങ്ങിയ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ക്രൈസിസ് മാനേജ്മെന്റ് പവർ, ഇച്ഛാശക്തി ഒക്കെ നിങ്ങൾ മറന്നാലും ജനം മറക്കില്ല ജൂഡ്’, ഹണിയുടെ കുറിപ്പിൽ പറയുന്നു.

ഹണി ഭാസ്കരന്റെ വൈറൽ ഫേസ്‌ബുക്ക് പോസ്റ്റ്:

2018 – പള്ളീലച്ചൻ കൂട്ടമണിയടിച്ചതോണ്ട് മാത്രം രക്ഷപെട്ട കേരളം.
…………………………………………………………………..
ജൂഡ്…. നിങ്ങൾ സ്ക്രീനിനു പുറത്തെന്താണോ അതു തന്നെ സിനിമയിലും കാണിച്ചിരിക്കുന്നു. ചരിത്രത്തോട് നീതികേടു കാട്ടിയ നല്ലൊന്നാന്തരം സിനിമ . നടന്ന സംഭവത്തെ പ്രത്യേകിച്ചും കേരളം നേരിട്ട ഏറ്റവും വലിയ ദുരന്തത്തെ പശ്ഛാത്തലമാക്കി സിനിമ ചെയ്യുമ്പോൾ വരും തലമുറ അതൊരു റഫറൻസ് ആക്കിയേക്കാം എന്ന ബോധ്യമില്ലാത്തൊരാളല്ല നിങ്ങൾ. മനപ്പൂർവ്വം തിരസ്ക്കരിച്ച ഒരുപാട് സത്യങ്ങളുണ്ട്.
രാഷ്ട്രീയ അൽപ്പത്തരം നല്ലണം വാരി വിതറിയിട്ടുണ്ട്. നിങ്ങളുടെ അരാഷ്ട്രീയത പോലെ തന്നെ. ഡാം തുറന്നു വിട്ടതുകൊണ്ടുണ്ടായ പ്രളയമെന്ന ധ്വനി. രണ്ടു സീനിൽ മാത്രം തല കാണിച്ച് പരമാവധി നിസ്സഹായനാക്കി കാണിച്ച മുഖ്യമന്ത്രി. നിങ്ങൾ അഭിമുഖത്തിൽ പറഞ്ഞതു പോലെ തന്നെ അങ്ങേയറ്റം ദുർബലനാക്കി കാണിച്ചിട്ടുണ്ട്.
പക്ഷേ, “നമ്മളൊരുമിച്ചിറങ്ങുകയല്ലേ ” എന്നു ചോദിച്ച് പ്രതിപക്ഷത്തിന്റെ കൂടി തോൾ ചേർന്ന് ഹൃദയപക്ഷമാക്കി മുന്നിട്ടിറങ്ങിയ മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ ക്രൈസിസ് മാനേജ്മെന്റ് പവർ, ഇച്ഛാശക്തി നിങ്ങൾ മറന്നാലും ജനം മറക്കില്ല ജൂഡ്.
ഒരു പ്രാദേശിക പശ്ഛാത്തലത്തിൽ എഴുതിയ തിരക്കഥയിൽ ഭൂരിപക്ഷം ക്രിസ്ത്യൻസ് ഉള്ള മേഖല കാണിച്ച് മുസ്ളീം സമുദായത്തിൽ നിന്ന് ആകെ ഒരു ഷിയാസ്ക്ക. പിന്നെ റസിയ എന്നു പേരുള്ള ബോട്ടും. ഒരു ഹിന്ദുവോ ക്രിസ്ത്യനോ വന്ന് തന്റെ ബോട്ടിന് ” റസിയ ” എന്ന് പേരിടാൻ തെല്ലും സാധ്യതയില്ലാത്ത ചിത്രത്തിൽ അതിന്റെ മുതലാളിയെ കാണിച്ചെങ്കിലും പ്രളയകാലത്തെ മുസ്ളീം സമുദായത്തിന്റെ സുരക്ഷാ ദൗത്യത്തെ കാണിക്കാമായിരുന്നില്ലേ ?
പ്രളയ കാലത്ത് ഇന്ത്യക്ക് പുറത്ത് രൂപം കൊണ്ട ആദ്യത്തെ റിമോർട്ട് റെസ്ക്യൂ കോർഡിനേഷൻ ടീം അബുദാബിയിലായിരുന്നു. അതിനു ചെയ്യേണ്ട ആദ്യ നിർദ്ദേശങ്ങൾ തന്നത് പ്രശാന്ത് Prasanth N ഐ. എ. എസ് ആണ്. ഞാനതിലുണ്ടായിരുന്നു. നിങ്ങൾ സിനിമയിൽ പറഞ്ഞ സംഭവങ്ങൾ മാത്രമല്ല നൂറു കണക്കിന് യാചനാ നിലവിളികൾ ആ ടീമിലെ പലരെയും പോലെ ഫോണിൽ കേട്ടൊരാളാണ്. അന്ന് പല എമിറേറ്റ്സിൽ നിന്നും സഹായിക്കാൻ വന്ന നൂറോളം വരുന്ന യുവത്വം കൂടെ ഉണ്ടായിരുന്നു. കുളിക്കാതെ, നനക്കാതെ, ഉണ്ണാതെ , ഉറങ്ങാതെ ദിവസങ്ങൾ റെസ്ക്യൂ ഓപ്പറേഷന് നാട്ടിലെ മനുഷ്യരെ കൂടി ഉപയോഗപ്പെടുത്തി നടത്തിയ പ്രവർത്തനങ്ങൾ.
നൂറിൽപരം ടീം അംഗങ്ങൾക്ക് നിലത്തും കസേരയിലും തിങ്ങിയിരുന്നും നടന്നും ഞങ്ങളുടെ ദൗത്യങ്ങൾക്ക് ഇടം തന്ന പല വീടുകൾ , ഉത്ഘാടനത്തിന് ഒരുക്കി വെച്ച ഓഫിസ് മൊത്തമായി വിട്ടു മെർസാത് ഗ്രൂപ്പ് , കേരളാ സോഷ്യൽ സെറ്റർ.
അമ്പതിനായിരത്തോളം മനുഷ്യർ മരണപ്പെട്ടേക്കാം എന്ന് സഖാവ് സജി ചെറിയാൻ മാധ്യമങ്ങൾക്ക് മുമ്പിൽ കരഞ്ഞ രാത്രി ഞങ്ങൾ ആരുടെയോ വീട്ടിൽ Rescue റിക്വസ്റ്റുകൾക്ക് പരിഹാരം കാണാൻ ശ്രമിക്കുമ്പോൾ അതിൽ പെട്ട ഒരു കോൾ. തൊട്ടടുത്തിരുന്ന് വിളിച്ചത് ഒമാനിൽ നിന്ന് ഞങ്ങൾക്കൊപ്പം ചേർന്ന ഷിനാസ് സലാവുദ്ധീൻ ആണ്. മരിച്ചു പോയ ഭർത്താവിന്റെ മൃതശരീരം ഒഴുകി പോകാതിരിക്കാൻ സാരികൊണ്ട് ജനലിനോട് കെട്ടി കഴുത്തൊപ്പം വെള്ളത്തിലിരുന്ന് “മോനേ രക്ഷിക്കണേ’ എന്നു നിലവിളിച്ച ഒരു അമ്മ.
തലകുമ്പിട്ടിരുന്ന് കരഞ്ഞ അവനു ചുറ്റും ഞങ്ങളൊക്കെ ഉണ്ടായിരുന്നു. മാതൃഭൂമി ടെലിവിഷൻ and FM, Khaleej Times മാധ്യമ പ്രവർത്തകർ, ഉണ്ടായിരുന്നു. റിക്വസ്റ്റ് ടേക്ക് അപ് ചെയ്തത് ഷെരീഫും ലത്തീഫുമാണ്. ലൊക്കേഷൻ മാപ്പ് ചെയ്തത് ഷെറിയാണ്. ആ രാത്രി വളരെ നിർണ്ണായകമായിരുന്നു. ആ നട്ടപ്പാതിരയ്ക്ക് ബോട്ട് സർവ്വീസിനായി നാട്ടിൽ ബന്ധപ്പെട്ടത് അനസ് എന്ന ചെറുപ്പക്കാരനെയാണ് …!
അന്ന് വെളുപ്പാൻ കാലത്ത് ഷെരീഫ്ക്കയോട് ഞാനിത്തിരി നേരം ഉറങ്ങാൻ പറഞ്ഞു. കാരണം അയാൾ ഉറങ്ങിയിട്ട് അന്നേക്ക് മൂന്ന് ദിവസമായി.
“ഇല്ല നൂറു കണക്കിന് ആളുകൾ ഒറ്റപ്പെട്ടു നിൽക്കുന്ന ആറൻമുള, പമ്പ ഏരിയയിലേക്ക് അനസിന്റെയും വിനീതിന്റെയും നവാസിന്റെയും നേതൃത്വത്തിൽ ബോട്ടുകൾ അയച്ചിട്ടുണ്ട്. മറുപടി വരാതെ ഉറങ്ങുന്നില്ല. കിടന്നാൽ ബോധം കെട്ടു പോവും”.
പിറ്റേന്ന് അനസ് വിളിച്ച് നാനൂറോളം പേരെ രാത്രി മൊത്തം ഷട്ടിൽ സർവ്വീസ് നടത്തി രക്ഷപെടുത്തീട്ടുണ്ട് എന്നു അറിയിച്ചപ്പോൾ ഞങ്ങൾ കരഞ്ഞു കൊണ്ട് എണീറ്റു നിന്നു കയ്യടിച്ചു. ടീമിൽ എല്ലാ മതസ്ഥരും രാഷ്ട്രീയക്കാരും ഉണ്ടായിരുന്നു. രക്ഷപെടുത്തിയവരിൽ എല്ലാ മതസ്ഥരും രാഷ്ട്രീയക്കാരും ഉണ്ടായിരുന്നു. അങ്ങനെ എത്രയോ ടീമുകൾ ലോകത്തിന്റെ പല ഭാഗങ്ങളിൽ.
നാട്ടിലോ പുറത്തോ രക്ഷാപ്രവർത്തന മുന്നേറ്റങ്ങളിൽ ആ ദിവസങ്ങളിൽ ആരും മതവും രാഷ്ട്രീയവും നോക്കിയിരുന്നില്ല ജൂഡ് …!
സിനിമയിൽ മുസ്ളീം സമുദായത്തോട് കാണിച്ച അവഗണന കണ്ടപ്പോൾ എനിക്കിവരെയെല്ലാമോർത്തു കണ്ണു നിറഞ്ഞു. അതുകൊണ്ടു മാത്രം എഴുതേണ്ടി വന്നു.
സിനിമയിൽ കേരളത്തിന്റെ ഇച്ഛാശക്തിയുടെ സ്മാരകമായ “മേരി മാതാ ” ബോട്ട് . പ്രളയ ദിനങ്ങളിൽ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ട നൂറു കണത്തിന് വള്ളങ്ങൾ, ബോട്ടുകൾ, മതമില്ലാതെ മനുഷ്യർ, വള്ളംകളിക്ക് പോയതായിരുന്നോ ?
പല്ലിക്കും പാമ്പിനും പട്ടിക്കും പൂച്ചയ്ക്കും വരെ റോൾ കിട്ടിയ സിനിമയിൽ നിങ്ങൾ ഒളിച്ചു കടത്തിയ വേറെയും ചിലതുണ്ട്.
പുനർ നിർമ്മാണത്തിൽ ഏറെ പങ്കു വഹിച്ച പ്രവാസ സഹായം. പണമായും മരുന്നായും വരെ ലോഡുകണക്കിന് സഹായങ്ങൾ നൽകിയ പലവിധ സംഘടനകൾ . ദുർബലനായ മുഖ്യമന്ത്രിയെ, കാണിച്ച കൂട്ടത്തിൽ UAE യുടെ പ്രളയ സഹായ ധനം വാങ്ങരുതെന്ന് പറഞ്ഞ പ്രധാനമന്ത്രിയെ ഓർമ്മയുണ്ടോ ജൂഡ് ?
പ്രളയകാലത്ത് സർവ്വതും നഷ്ടപ്പെട്ട നിസ്സഹായരായ പാവം മനുഷ്യരുടെ നെറുക നോക്കി കിട്ടിയ അടിയായിരുന്നു അത്. സിനിമക്കതു മറക്കാം പക്ഷേ ജനമതു മറക്കില്ല.
സിനിമയിലെ പോലെ പള്ളിയും പള്ളീലച്ഛനും പള്ളിക്കൂടങ്ങളും മാത്രമല്ല മനുഷ്യർക്ക് തുറന്നിട്ടു കൊടുത്ത അമ്പലങ്ങളും മോസ്ക്കുകളും കേരളത്തിലുണ്ടായിരുന്നു. ഒരേ പൊതിച്ചോർ പങ്കിട്ടു കഴിച്ച പല ജാതി മനുഷ്യരുണ്ടായിരുന്നു. ക്യാമ്പുകൾ തോറും അത്യാവശ്യ സഹായങ്ങൾ നൽകി ഓടി നടന്ന യുവജന സംഘടനകൾ, കാറ്റും മഴയും നോക്കാതെ ജലം കൊണ്ടേറ്റ മുറിവുകൾക്ക് ആശ്വാസം പകരാൻ പാഞ്ഞു നടന്ന മനുഷ്യർ. വാഹനങ്ങൾ വിട്ടു കൊടുത്തവർ. ഫുൾ ടൈം റസ്റ്റില്ലാതെ ജോലി ചെയ്ത കേരളാ പോലീസ് .
വള്ളങ്ങളും ബോട്ടുകളുമെല്ലാം സ്‌റ്റേറ്റിന്റെ തീരുമാനമായിരുന്നു.
പ്രളയ ജലത്തിൽ ഒലിച്ചു പോകുന്ന “ഓം” ബോർഡുകളും പള്ളി മിനാര ശേഷിപ്പുകളും കുരിശുകളും ചിത്രങ്ങളായി എന്റെ തന്നെ പ്രൊഫൈലിൽ കിടപ്പുണ്ട്.
ബാംഗ്ലൂർ അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്ന് മലയാളികളുടെ നിസ്വാർത്ഥ പ്രവർത്തനങ്ങളാൽ ലോറികൾ വഴി ലോഡു കണക്കിന് ശുചീകരണ സാധന സാമഗ്രികൾ അയച്ച അളവറ്റ സ്നേഹത്തിന്റെ ഹാർമണി.
രണ്ടര മണിക്കൂറിൽ പ്രളയ ചരിത്രം പറയുക സാധ്യമല്ല എന്നുറപ്പുള്ളപ്പോൾ തന്നെ ഒഴിവാക്കാൻ പാടില്ലാത്ത ചിലതിനെ നിങ്ങൾ ഒഴിവാക്കിയിട്ടുണ്ട് ജൂഡ്. അതൊട്ടും നിഷ്ക്കളങ്കമല്ല.
ഇതു നിങ്ങളുടെ ആവിഷ്ക്കാര സ്വാതന്ത്ര്യം എന്നാണെങ്കിൽ “Everyone is a hero. The Real Kerala story ” . എന്ന റ്റാഗ് ലൈൻ നിങ്ങൾ കൊടുക്കരുത്. പ്രധാന പങ്കു വഹിച്ച സർക്കാർ സംവിധാനങ്ങൾ – എയർഫോഴ്സ്, ഫയർ ഫോഴ്സ്, KSEB, പ്രതിപക്ഷം , ആരോഗ്യ വകുപ്പ് പേരിനു പോലുമില്ലാതെ , മീഡിയയെ കുറ്റം പറഞ്ഞ് ഇതെങ്ങനെ കേരളത്തിന്റെ പ്രളയ ചരിത്രമാവും ?
“സർക്കാരിനു പോലും ഒന്നും ചെയ്യാൻ പറ്റാത്ത സാഹചര്യം ” എന്ന് പള്ളിവികാരിയെ കൊണ്ട് പറയിക്കുന്നു. കൂട്ട മണിയടിക്കുന്നു. ജനങ്ങളെ കൊണ്ട് രക്ഷാപ്രവർത്തനം തുടങ്ങി വയ്ക്കുന്നു.
ഇതിലെവിടാണ് മതേതരത്വം ?
ഈ സിനിമയിൽ ജാതിയും മതവും കയറ്റരുത് എന്നു പറഞ്ഞ ജൂഡ്… അതു ചെയ്തത് നിങ്ങളാണ് അല്ലാതെ പ്രളയകാലത്തെ കൈ കോർത്തു നിന്ന് നേരിട്ട കേരളത്തിന്റെ ജനതയല്ല. ഈ സിനിമ നാളെ ഒരു റഫറൻസ് ആക്കിയാൽ ജൂഡ് എന്ന സംവിധായകൻ ഒരു പരാജയമാണ്. കേരളത്തിന്റെ ഒത്തൊരുമ ലോകം മൊത്തം കണ്ടിട്ടും നിങ്ങൾ കണ്ടില്ല. നിങ്ങൾ കേരളത്തോട് ചെയ്തത് നീതികേടാണ്…! നിങ്ങളുടെ അരാഷ്ട്രീയത കാണിക്കേണ്ടത് ചരിത്രത്തെ ഒളിപ്പിച്ചു നിർത്തിക്കൊണ്ടല്ലായിരുന്നു…!
Note:- 2018 ജൂഡിന്റെ സിനിമയാണ്. വളരെ മോശം തിരക്കഥയിലൂടെ എന്നാൽ വൃത്തിയുള്ള മേക്കിംഗിലൂടെ വിജയിച്ച സിനിമ .

shortlink

Related Articles

Post Your Comments

Related Articles


Back to top button