സംസ്ഥാനത്തെ ഭൂരഹിതരെ ഭൂ ഉടമകളാക്കാൻ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പട്ടയ മിഷൻ പദ്ധതിക്ക് മെയ് 19 മുതൽ തുടക്കമാകും. രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കോട്ടയത്ത് വച്ചാണ് ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കുക. ഭൂമിയില്ലാത്തവർക്ക് ഭൂമി കണ്ടെത്തി വിതരണം ചെയ്യുകയാണ് പട്ടയ മിഷനിലൂടെ ലക്ഷ്യമിടുന്നത്. പ്രധാനമായും മലയോര മേഖലയിലുള്ളവർ, പട്ടിക വിഭാഗക്കാർ, കോളനി നിവാസികൾ എന്നിവർക്കാണ് മുൻഗണന നൽകുക. കണക്കുകൾ അനുസരിച്ച്, സംസ്ഥാനത്തെ 1,015 കോളനികളിൽ താമസക്കാരായ 16,231 കുടുംബങ്ങൾക്ക് പട്ടയം ലഭിക്കാനുണ്ട്.
സംസ്ഥാനത്തെ 77 ഓളം താലൂക്ക് ലാൻഡ് ബോർഡുകളിൽ പരിധിയിൽ കവിഞ്ഞ ഭൂമി കൈവശം വച്ചതുമായി ബന്ധപ്പെട്ട് 1,298 കേസുകളാണ് നിലനിൽക്കുന്നത്. കെട്ടിക്കിടക്കുന്ന കേസുകൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ താലൂക്ക് ബോർഡുകളെ 4 മേഖലകളായി തരംതിരിച്ച് ഓരോന്നിന്റെയും ചെയർമാനായി ഡെപ്യൂട്ടി കളക്ടറെ നിയമിച്ചിട്ടുണ്ട്. കേസുകൾ ഒത്തുതീർപ്പാക്കുന്ന പക്ഷം 23,000 ഏക്കറോളം ഭൂമി ഏറ്റെടുക്കാൻ കഴിയുകയും, ഇവ അർഹർക്ക് വിതരണം ചെയ്യുന്നതുമാണ്. പട്ടയത്തിന് അർഹരായവരുടെ വിശദാംശങ്ങൾ എംഎൽഎമാരുടെയും, മറ്റു ജനപ്രതിനിധികളുടെയും സഹായത്തോടെയാണ് ശേഖരിക്കുക.
Also Read: കാട്ടാനയുടെ ആക്രമണത്തിൽ പരിക്ക് : വിദ്യാർത്ഥി മരിച്ചു
Post Your Comments