തിരുവനന്തപുരം: ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസിനും ഡോക്ടർമാർക്കും വീഴ്ച പറ്റിയെന്ന് ആരോഗ്യവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. രണ്ട് ഡോക്ടർമാർക്കും പോലീസിനും ജാഗ്രതക്കുറവുണ്ടായി എന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. കൊല്ലം ഡെപ്യൂട്ടി ഡിഎംഒ സാജൻ മാത്യൂ ആണ് അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയത്.
ഹൗസ് സർജന്മാരെക്കൂടാതെ മറ്റു രണ്ട് ഡോക്ടർമാരെയം സംഭവദിവസം ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നു. എന്നാൽ, സന്ദീപിനെ ചികിത്സിച്ചിരുന്ന സമയത്ത് രണ്ട് ഡോക്ടർമാരുടെയും സാന്നിധ്യമുണ്ടായിരുന്നില്ല എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യത്തിൽ ഡോക്ടർമാർക്ക് ജാഗ്രതക്കുറവുണ്ടായി. സംഭവം നേരിടുന്നതിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസിനും ഗുരുതര വീഴ്ച പറ്റി. പ്രതി ആക്രമിക്കുന്നതിനിടെ പോലീസ് പുറത്തേക്കോടി. തുടർന്ന് കതക് പുറത്തുനിന്ന് അടക്കുകയും ചെയ്തു. ഇത് ആക്രമണം രൂക്ഷമാകുന്നതിന് ഇടയാക്കിയെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർ കാര്യക്ഷമമായി ഇടപെട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. ആശുപത്രിയുടെ സുരക്ഷയ്ക്കായി വിമുക്ത ഭടന്മാരെ നിയോഗിക്കണമെന്നും ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ടിലുണ്ട്.
അതേസമയം പ്രതിയായ സന്ദീപിനെ ക്രൈംബ്രാഞ്ച് ചൊവ്വാഴ്ച കസ്റ്റഡിയിൽ വാങ്ങും. കഴിഞ്ഞ ദിവസം കൊട്ടാരക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി എംഎം ജോസ് ഇതിനുള്ള അപേക്ഷ നൽകി. മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ച പശ്ചാത്തലത്തിലാണ് പ്രതിയെ കോടതിയിൽ ഹാജരാക്കുന്നത്. ചൊവ്വാഴ്ച കസ്റ്റഡി അപേക്ഷ കോടതി വീണ്ടും പരിഗണിക്കും.
കനത്ത പൊലീസ് സുരക്ഷയിലായിരിക്കും പ്രതിയെ എത്തിക്കുന്നത്. പ്രതിഷേധം മുന്നിൽ കണ്ട് കോടതിയിലും പരിസര പ്രദേശങ്ങളിലും കൂടുതൽ പൊലീസിനെ വിന്യസിക്കും. പ്രതിയെ കസ്റ്റഡിയിൽ ലഭിച്ചാൽ ഉടൻ തെളിവെടുപ്പ് നടപടികളിലേക്ക് ക്രൈം ബ്രാഞ്ച് സംഘം നീങ്ങും. പിന്നീട് കൂടുതൽ ചോദ്യം ചെയ്യലിനും വിധേയമാക്കും.
Post Your Comments