തിരുവനന്തപുരം: നിശ്ചിത പരിധിക്കപ്പുറം മയക്കുമരുന്ന് പിടിച്ചാൽ വധശിക്ഷ നൽകാനുള്ള നിയമമുണ്ടാകണമെന്ന് സന്ദീപ് വാര്യർ. രാഷ്ട്രീയ ജാതി മത വ്യത്യാസങ്ങൾക്കപ്പുറം മയക്കുമരുന്ന് വിപത്തിനെതിരെ നാം ഒരുമിച്ച് പോരാടേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നിലവിലെ നിയമങ്ങളിൽ അപര്യാപ്തത ഉണ്ടെങ്കിൽ പരിഷ്‌കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
25000 കോടി രൂപയുടെ മയക്കുമരുന്നാണ് കേരള തീരത്ത് വച്ച് കേന്ദ്ര ഏജൻസികൾ പിടിച്ചെടുത്തത്. പാകിസ്ഥാനിൽ നിന്ന് വന്നതാണ് മയക്കുമരുന്ന്. ഒരു പക്ഷെ സുരക്ഷാ ഏജൻസികളുടെ കണ്ണിൽ പെടാതെ എത്രായിരം കോടി രൂപയുടെ മയക്കുമരുന്ന് നമ്മുടെ യുവാക്കളുടെ സിരകളിലേക്ക് പാകിസ്ഥാൻ ഇതിനകം പടർത്തിയിട്ടുണ്ടാവണമെന്ന് അദ്ദേഹം ചോദിക്കുന്നു. പാകിസ്ഥാന്റെ നിലവിലെ വിദേശ നാണ്യകരുതൽ ശേഖരം കേവലം 20000 കോടി രൂപക്കടുത്ത് മാത്രമാണെന്നോർക്കണം. പിച്ചച്ചട്ടിയെടുത്ത് നിൽക്കുന്ന ആ തെമ്മാടി രാജ്യമാണ് നമ്മുടെ യുവത്വത്തെ ലാക്കാക്കി മയക്കുമരുന്ന് കച്ചവടം നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനങ്ങളിൽ ഒന്നായ പഞ്ചാബിലെ യുവത്വത്തെ മയക്കുമരുന്ന് കെണിയിൽ കുരുക്കിയാണ് പാകിസ്ഥാൻ നശിപ്പിച്ചത്. കേരളത്തിൽ മയക്കുമരുന്ന് മാഫിയക്ക് നേതൃത്വം കൊടുക്കുന്നവരെ കൃത്യമായി കൈകാര്യം ചെയ്യണം. കേരള പൊലീസിന് തോക്ക് കൊടുത്തിരിക്കുന്നത് പുല്ലാങ്കുഴൽ വിളിക്കാനല്ലല്ലോ. കേരളത്തിലേക്ക് മയക്കുമരുന്നുമായി വരാൻ ഒരുത്തനും ധൈര്യമുണ്ടാവരുതെന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.
Post Your Comments