മലപ്പുറം: താനൂർ ബോട്ടപടകത്തിൽ ഒരു കുടുംബത്തിലെ 11 പേർ മരണപ്പെട്ടത് ദാരുണമായ സമഭാവമായിരുന്നു. കുടുംബത്തിലെ ഗൃഹനാഥൻ സെയ്തലവിക്ക് അപകടത്തിന്റെ വ്യാപ്തി ഇപ്പോഴും ഉൾക്കൊള്ളാനായിട്ടില്ല. 15 പേർക്ക് ബോട്ടിൽ കയറാൻ 1500 രൂപക്ക് പകരം 300 രൂപ നൽകിയാൽ മതിയെന്ന ജീവനക്കാരുടെ വാഗ്ദാനത്തിൽ കുടുംബം വീഴുകയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. പരമാവധി യാത്രക്കാരെ കുത്തിനിറക്കാനായിരുന്നു ബോട്ടുകാരുടെ ഈ തന്ത്രമെന്നാണ് അദ്ദേഹം ആരോപിക്കുന്നത്.
മുഖ്യപ്രതി നാസർ നിയമത്തിന്റെ പിടിയിൽ നിന്നും രക്ഷപ്പെടാൻ സാധ്യത ഉണ്ട്. ഉദ്യോഗസ്ഥർ ഉൾപ്പെടെ മുഴുവൻ പേരെയും പിടികൂടിയാൽ മാത്രമേ കുടുംബത്തിന് നീതി ലഭിക്കൂ എന്നും സെയ്തലവി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഭാര്യയും നാലു മക്കളും ഉൾപ്പെടെ 11 പേരെയാണ് സെയ്തലവിക്ക് നഷ്ടമായത്.
‘ജീവനക്കാർ നിർബന്ധിച്ചു കയറ്റി. ബോട്ടിൽ കയറേണ്ട എന്ന് പെങ്ങളും മൂത്തമകളും പലവട്ടം പറഞ്ഞിരുന്നു. ബോട്ടിൽ കയറരുത് എന്ന് ഞാനും ഫോണിൽ വിളിച്ചു പറഞ്ഞിരുന്നു. പക്ഷെ അവർ കേട്ടില്ല. നാസറിന് സഹായം ചെയ്ത ഉദ്യോഗസ്ഥർ അടക്കം എല്ലാവരെയും പിടികൂടിയാലേ നീതി ലഭിക്കൂ. കുടുങ്ങിപ്പോയ ഒരു കുഞ്ഞിനെപ്പോലും രക്ഷിക്കാൻ ജീവനക്കാർ തയാറായില്ല. നാളെ മറ്റൊരു കുടുംബത്തിന് ഈ ഗതി വരരുത്’, സെയ്തലവി പറയുന്നു.
Post Your Comments