സംസ്ഥാനത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്കുള്ള ക്ഷേമനിധി ഇന്ന് മുതൽ പ്രാബല്യത്തിൽ. രാജ്യത്ത് ആദ്യമായാണ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ക്ഷേമനിധി ഏർപ്പെടുത്തുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും, മഹാത്മ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും ഭാഗമായ 14 ലക്ഷത്തിലധികം കുടുംബങ്ങൾക്കാണ് ക്ഷേമനിധിയുടെ ഗുണം ലഭിക്കുക. ക്ഷേമനിധിയുടെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെ 10 മണിക്ക് പാലക്കാട് കോട്ട മൈതാനിയിൽ നിർവഹിക്കും.
ക്ഷേമനിധിയിൽ രജിസ്റ്റർ ചെയ്യുന്ന തൊഴിലാളികൾക്ക് പ്രതിമാസം അടയ്ക്കുന്ന 50 രൂപ അംശദായത്തിന് തുല്യമായ സർക്കാർ വിഹിതമായി നൽകുന്നതാണ്. ഈ തുക തൊഴിലാളികളുടെ പെൻഷനും മറ്റ് ക്ഷേമത്തിനും വിനിയോഗിക്കും. 60 വയസ് വരെ തുടർച്ചയായി അംശദായം അടയ്ക്കുന്നവർക്ക് പെൻഷൻ ലഭിക്കുന്നതാണ്. അതേസമയം, 10 വർഷത്തിൽ കുറയാതെ അംശദായം അടച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് കുടുംബ പെൻഷൻ ലഭിക്കും.
അംഗങ്ങളുടെ മക്കളുടെ പഠനത്തിനുള്ള സാമ്പത്തിക സഹായം, ഗുരുതര രോഗത്തിന് ചികിത്സാധന സഹായം തുടങ്ങിയവ ക്ഷേമനിധിയിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങളാണ്. പെൻഷൻ, വിവാഹ, പഠനസഹായം ഉൾപ്പെടെ തൊഴിലുറപ്പ് തൊഴിലാളികളുടെയും, കുടുംബാംഗങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതാണ് ക്ഷേമനിധി. രാജ്യത്ത് മറ്റ് തൊഴിൽ മേഖലകളിൽ ക്ഷേമനിധി ഇതിനോടകം തന്നെ ഏർപ്പെടുത്തിയിട്ടുണ്ട്..
Post Your Comments