തിരുവനന്തപുരം: സ്വന്തം ആരോഗ്യവും പരിസര ശുചിത്വവും സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി മെയ് 18 ന് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കുന്ന ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ ലോഗോ പ്രകാശനം നിർവ്വഹിച്ച് സംസാരിക്കവെയാണ് മന്ത്രിയുടെ പരാമർശം.
പുതിയ കാലഘട്ടത്തിന്റെ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നതിൽ ഓരോ പൗരന്റേയും പങ്കാളിത്തം വളരെ വലുതാണ്. ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ, വ്യായാമം തുടങ്ങിയ ആരോഗ്യദായക ശീലങ്ങൾ അനുവർത്തിക്കുന്ന ഒരു സമൂഹത്തെ വാർത്തെടുക്കുന്നതിലൂടെ മാത്രമേ രോഗാതുരത കുറയ്ക്കുവാൻ സാധിക്കുകയുള്ളൂ. സംസ്ഥാനത്ത് 5409 ജനകീയ ആരോഗ്യ കേന്ദ്രങ്ങളാണ് ലക്ഷ്യമിടുന്നത്. ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ വഴി ജനപങ്കാളിത്തത്തോടെ എല്ലാവർക്കും ആരോഗ്യം ഉറപ്പാക്കുകയാണ് ലക്ഷ്യമിടുന്നതെന്നും വീണാ ജോർജ് ചൂണ്ടിക്കാട്ടി.
വിജയകരമായി ഇത്തരം പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ ജനപങ്കാളിത്തം ആവശ്യമാണ്. ഓരോ വ്യക്തിയും ആരോഗ്യത്തോടെ ജീവിക്കുന്നു എന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വം സമൂഹം ഒറ്റക്കെട്ടായി ഏറ്റെടുക്കേണ്ടതുണ്ടെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments