കൊച്ചി: കൊച്ചി വാഴക്കാലയിൽ ഫ്ലാറ്റിനുള്ളിൽ ലഹരി പരിശോധനയ്ക്കെത്തിയ എക്സൈസ് സംഘത്തിന് നേരെ തോക്ക് ചൂണ്ടി പ്രതി രക്ഷപ്പെട്ടു. കണ്ണൂർ കോളയാട് സ്വദേശി ചിഞ്ചു മാത്യു ആണ് എക്സൈസ് സംഘത്തെ വെട്ടിച്ച് രക്ഷപ്പെട്ടത്.
ഫ്ലാറ്റിനുള്ളിൽ നിന്ന് മുക്കാൽ കിലോ എംഡിഎംഎയും, അന്‍പത് ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു. ബെംഗളൂരുവിൽ നിന്ന് നഗരത്തിൽ ലഹരി വിതരണത്തിനെത്തിക്കുന്നവരിൽ പ്രധാനിയാണ് പ്രതിയെന്ന് എക്സൈസ് പറഞ്ഞു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇയാൾ കത്തി വീശിയതിനെ തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥന് പരിക്കേറ്റു
വാഴക്കാലയിലെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് നഗരത്തിൽ ലഹരി വില്പനയെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ എക്സൈസ് ഒരാഴ്ചയായി നിരീക്ഷിച്ച് വരുകയായിരുന്നു. കഴിഞ്ഞ ദിവസം ചിഞ്ചു മാത്യു ബെംഗളൂരുവിൽ നിന്ന് മടങ്ങി എത്തിയതായി വിവരം കിട്ടി. എക്സൈസിന്‍റെ ഷാഡോ സംഘം ഇയാളെ പിടികൂടാനായി ഫ്ലാറ്റിനുള്ളിലേക്ക് കയറിയതും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. തോക്കു ചൂണ്ടിയുള്ള ആക്രമണം എക്സൈസ് സംഘം തടയാൻ ശ്രമിച്ചതോടെ കൈയ്യിലുള്ള കത്തി ഉപയോഗിച്ച് ചിഞ്ചു സിവിൽ എക്സൈസ് ഓഫീസർ ടോമി എൻഡിക്ക് നേരെ തിരിഞ്ഞു.
ആക്രമണത്തിൽ ടോമിയുടെ കൈവിരലിന് ആണ് പരിക്കേറ്റത്. തുടർന്ന് ഇയാൾ എക്സൈസ് സംഘത്തെ പുറത്ത് നിന്ന് പൂട്ടി കടന്നു കളയുകയായിരുന്നു. താഴെ പാർക്കിന് ചെയ്തിരുന്ന കാറിൽ ഇയാൾ കടന്നതായാണ് വിവരം.
കണ്ണൂർ കോളയാട് സ്വദേശിയാണ് ചിഞ്ചു മാത്യു. ഇയാൾ ആർക്കെല്ലാം ലഹരി കൈമാറിയിരുന്നു എന്നതിലടക്കം എക്സൈസ് പരിശോധന തുടങ്ങി.
Post Your Comments