ഇടുക്കി: മെഡിക്കൽ സ്റ്റോർ ഉടമക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ സംഭവത്തിലെ പ്രതി പൊലീസ് പിടിയിൽ. ഇടുക്കി വാഴത്തോപ്പ് സ്വദേശിയായ യുവാവിനെയാണ് ഇടുക്കി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
കസ്റ്റഡിയിലുള്ള പ്രതിയെ ഇടുക്കി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യംചെയ്ത് വരികയാണ്. നീല നിറത്തിലുള്ള പൾസർ ബൈക്കിൽ എത്തിയവരാണ് ആക്രമണം നടത്തിയതെന്ന് നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു.
‘ഗ്ലിസറിന്‍ കരച്ചിലിനു പകരം വീഴ്ച ഏറ്റുപറഞ്ഞ് രാജിവെക്കുക’: ആരോഗ്യമന്ത്രിക്കെതിരെ കെ സുധാകരൻ
ചെറുതോണി ടൗണിലെ മരിയ മെഡിക്കൽ ഷോപ്പുടമ ലൈജുവിൻറെ ദേഹത്തേക്ക് ബൈക്കിലെത്തിയ രണ്ടു പേർ ആസിഡ് ഒഴിക്കുകയായിരുന്നു. വീട്ടിലേക്ക് തിരിയുന്ന ഇടവഴിയിൽ വച്ച് ബൈക്കിലെത്തിയവർ കാർ തടഞ്ഞു നിർത്തി. തുടർന്ന്, രാവിലെ എപ്പോൾ കടതുറക്കും എന്ന് ചോദിച്ചു.
എട്ടു മണിക്ക് തുറക്കുമെന്ന് മറുപടി പറഞ്ഞു. എന്നാൽ ഇനി മെഡിക്കൽ ഷോപ്പ് തുറക്കേണ്ട എന്നു പറഞ്ഞ് ബൈക്കിനു പുറകിലിരുന്നയാൾ കയ്യിൽ കരുതിയിരുന്ന കന്നാസിൽ നിന്നും ആസിഡ് ഒഴിക്കുകയായിരുന്നു എന്ന് ലൈജു പറയുന്നു.
മുഖത്തും ദേഹത്തും ആസിഡ് വീണ് പൊള്ളലേറ്റ ലൈജു മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവ സ്ഥലത്തിനടുത്തള്ള വീടിനു മുൻപിൽ കാർ നിർത്തിയ ലൈജുവിനെ വീട്ടിലുള്ളവരാണ് ആശുപത്രിയിലെത്തിച്ചത്. പ്രതികൾ ലൈജുവിനെ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നും ആക്രമണത്തിന് ഇടയായ സാഹചര്യവും അന്വേഷിച്ചു വരുകയാണെന്ന് പൊലീസ് അറിയിച്ചു.
Post Your Comments