ന്യൂഡൽഹി: യുസ്‌വേന്ദ്ര ചാഹലിനെ ലോകം ഇതിഹാസമെന്ന് വിളിക്കേണ്ട സമയമായെന്ന് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. മെയ് 11 വ്യാഴാഴ്ച ഈഡൻ ഗാർഡൻസിൽ നടന്ന ഐപിഎൽ 2023 മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ അവരുടെ ആധിപത്യ വിജയത്തിൽ പ്രധാന പങ്ക് വഹിച്ചത് ചാഹൽ ആയിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ബോളറായി ചരിത്രപുസ്തകങ്ങളില്‍ ചാഹൽ ഇടംനേടി. കെകെആര്‍ നായകന്‍ നിതീഷ് റാണയെ തന്റെ ആദ്യ ഓവറില്‍ തന്നെ പുറത്താക്കിയാണ് ചാഹല്‍ നാഴികക്കല്ല് സ്വന്തമാക്കിയത്.
കഴിഞ്ഞ മത്സരത്തില്‍ ഡ്വെയ്ന്‍ ബ്രാവോയ്ക്കൊപ്പം സമനില പാലിച്ച ചാഹല്‍ ഐപിഎല്‍ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഇപ്പോള്‍ ഒന്നാം സ്ഥാനത്താണ്. ഐപിഎലില്‍ ഇതുവരെ 143 മത്സരങ്ങള്‍ കളിച്ച താരത്തിന്റെ പേരില്‍ 184 വിക്കറ്റുകളാണ് ഉള്ളത്.161 മത്സരങ്ങള്‍ കളിച്ച് 183 വിക്കറ്റ് വീഴ്ത്തിയ ബ്രാവോയാണ് രണ്ടാമത്. 174 വിക്കറ്റ് വീഴ്ത്തിയ പിയൂഷ് ചൗളയാണ് മൂന്നാം സ്ഥാനത്ത്. തന്റെ ടീമിനെയും ടീം അംഗങ്ങളെയും അതുപോലെ പിന്തുണയ്ക്കുകയും പുകഴ്ത്തുകയും ചെയ്യുന്ന ക്യാപ്റ്റനാണ് താനെന്ന് സഞ്‍ജു വീണ്ടും തെളിയിച്ചിരിക്കുകയാണ്. മത്സരശേഷം ചാഹൽ നടത്തിയ പ്രസ്താവന തന്നെ അതിനുദാഹരണം.
മത്സരത്തിന് ശേഷം മാധ്യമങ്ങളോട് ചാഹൽ പറഞ്ഞതിങ്ങനെ: ‘സഞ്ജു എന്നോട് പറഞ്ഞു – യുസി അവസാന ഓവറുകളിൽ എറിയാൻ ഒരുങ്ങിക്കോളൂ, നിങ്ങൾക്ക് ഞാൻ വലിയ ഒരു റോൾ കരുതിവെച്ചിട്ടുണ്ട്. അവസാന ഓവറുകൾ എറിയാൻ ഞാൻ നിങ്ങളെ കരുതിവെച്ചിരിക്കുന്നു. യുസി ഇനി നിങ്ങളുടെ അവസരമാണ്’ എന്ന്. എനിക്ക് അവനെ കാണുമ്പോൾ, എനിക്ക് മഹി ഭായിയുടെ ഇമേജ് ലഭിക്കുന്നു, അവൻ സംസാരിക്കുന്ന രീതി വളരെ ശാന്തമാണ്’.
ഇന്നലെ നടന്ന മത്സരത്തിലെ മികച്ച പ്രകടനത്തിന് ശേഷം സഞ്ജുവിനെ ധോണിയുമായി താരതമ്യപ്പെടുത്തി ഗ്രയിം സ്വാനും രംഗത്ത് എത്തിയിരുന്നു. ഓരോ വർഷവും സഞ്‍ജു കൂടുതൽ മെച്ചപ്പെട്ട് വരുന്നുവെന്നും, അവൻ വളരെ ശാന്തനാണെന്നുമാണ് സ്വാൻ പറഞ്ഞത്. ഒരു യുവ എംഎസ് ധോണിയെപ്പോലെയാണ് അവൻ ശരിക്കും. ഒരുപാട് ബഹളങ്ങൾ ഇല്ല, ശാന്തനാണ് അവൻ. എന്നാൽ കളി നല്ല രീതിയിൽ അവൻ പഠിക്കുന്നുവെന്നും സ്വാൻ പുകഴ്ത്തി.
Post Your Comments