കൊല്ലം: പ്രതിയുടെ കുത്തേറ്റ് ഡോ.വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാന പോലിസ് മേധാവി ഇന്ന് രാവിലെ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. ഓൺലൈൻ ആയി ഡിജിപിയോട് ഹാജരാകാനും കോടതി നിർദേശിച്ചിരുന്നു. ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, കൗസർ എടപ്പഗത്ത് എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് വിഷയം പരിഗണിക്കുന്നത്. നടന്ന സംഭവത്തെ കുറിച്ച് സ്ഥലം മജിസ്ട്രേറ്റും കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.
സംഭവം നടന്ന സമയത്തെ സിസിടിവി ദൃശ്യങ്ങൾ സൂക്ഷിക്കാനും ആശുപത്രി സൂപ്രണ്ട് ഇക്കാര്യം ഉറപ്പ് വരുത്താനും ഡിവിഷൻ ബെഞ്ച് നിർദേശം നൽകിയിരുന്നു. ഇന്നലെ വിഷയം പരിഗണിച്ച കോടതി സർക്കാരിനെ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്.
രാജ്യത്ത് മറ്റൊരിടത്തും നടക്കാത്ത സംഭവവികാസങ്ങളാണ് നടന്നതെന്നും, പൊലീസും സർക്കാർ സംവിധാനവും പൂർണ്ണമായി പരാജയപ്പെട്ടുവെന്നും കോടതി പറഞ്ഞിരുന്നു.
ഡോക്ടർമാരെ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ ആശുപത്രികൾ അടച്ചു പൂട്ടണമെന്നായിരുന്നു കോടതിയുടെ വിമർശനം. ഇന്ന് രാവിലെ പത്ത് മണിക്ക് കോടതി വിഷയം പരിഗണിക്കും.
Post Your Comments