താനൂര്‍: താനൂര്‍ ബോട്ട് അപകടത്തില്‍ മരിച്ചവര്‍ ഉള്‍പ്പെടെ 37 പേരെ തിരിച്ചറിയാന്‍ സാധിച്ചതായി മന്ത്രി കെ രാജന്‍ വ്യക്തമാക്കി. അപകടസ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി. ’37 പേരില്‍ 22 പേരുടെ മരണം സ്ഥിരീകരിച്ചു. കളക്ടറുടെ കണക്ക് അനുസരിച്ച് കോഴിക്കോട് ഉള്‍പ്പെടെ വിവിധ ആശുപത്രികളിലായി പത്ത് പേര്‍ ചികിത്സയിലാണ്. അവരെ തിരിച്ചറിയാന്‍ സാധിച്ചു. അഞ്ച് പേര്‍ ബോട്ടില്‍ നിന്ന് നീന്തിക്കയറിയതായി പൊലീസും ഫയര്‍ഫോഴ്‌സും സ്ഥിരീകരിച്ചു. അപകടപ്പെട്ടത് സ്വകാര്യബോട്ട് ആയതിനാല്‍ അപകടത്തില്‌പെട്ടവരുടെ എണ്ണം രേഖപ്പെടുത്താന്‍ സാധിച്ചിട്ടില്ല. ഈ ദുരന്തത്തില്‍ കൂടുതല്‍ ആളുകള്‍ ഇല്ലാതിരിക്കട്ടെ’ മന്ത്രി വ്യക്തമാക്കി.
സര്‍ക്കാരിന്റെ കീഴിലുള്ള ദുരന്ത നിവാരണ സേന അടക്കമുള്ള ഏഴ് ടീമുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. കൂടാതെ, പ്രദേശവാസികളും മത്സ്യത്തൊഴിലാളികളും പ്രദേശത്തുണ്ട്. ഇന്ത്യന്‍ നേവിയും കോസ്റ്റ് ഗാര്‍ഡും രംഗത്തെത്തി. കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം 20 പേര്‍ അടങ്ങുന്ന ഒരു ദുരന്ത നിവാരണ സേനയെക്കൂടി അടിയന്തിരമായി എത്തിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട് എന്നും മന്ത്രി വ്യക്തമാക്കി. പല സ്ഥലങ്ങളില്‍ നിന്നും ആളുകള്‍ ഇവിടെ എത്തിയിട്ടുണ്ടാകാം. അതിനാല്‍, ആളുകളെ കാണാനില്ലെന്ന് സംസ്ഥാനം മുഴുവനായി ലഭിക്കുന്ന പരാതികളുമായി ഒത്തുനോക്കുന്നതിനാണ് നിലവില്‍ തീരുമാനം. ഇതുവരെ അത്തരത്തിലുള്ള പരാതികള്‍ പൊലീസിനോ മറ്റ് ഏജന്‍സികള്‍ക്കോ ലഭിച്ചിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments