മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരത്തിൽ മാലിന്യം തളളിയ എഴുപതുപേർ പിടിയിൽ. നഗരത്തിലെ വിവിധ പ്രദേശങ്ങളായ വാഴപ്പിളളി ലിസ്യൂ സെന്റർ പരിസരം, ചാലിക്കടവ് പാലം, സത്രം കോംപ്ലക്സ്, പച്ചക്കറി മാർക്കറ്റ്, കീച്ചേരിപടി, ഇഇസി മാർക്കറ്റ് റോഡ്, പിഒ ജംഗ്ഷൻ എന്നിവിടങ്ങളിലായി കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി രാത്രിയിലടക്കം നടത്തിയ പരിശോധനയിലാണ് മാലിന്യം തള്ളിയവർ പിടിയിലായത്.
നഗരസഭ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് രാത്രികാലങ്ങളിലടക്കം പരിശോധന ശക്തമാക്കിയതോടെ ഇരുളിന്റെ മറവിൽ പൊതുഇടങ്ങളിൽ മാലിന്യം തളളിയവരാണ് പിടിയിലായത്. മാലിന്യം നിക്ഷേപിച്ച 29 പേർക്ക് നോട്ടീസ് നൽകി. ബാക്കിയുള്ള ഓരോരുത്തരിൽ നിന്നും 2500 രൂപ വീതം പിഴ ഈടാക്കി. ഇവർ ഇനിയും ഇതാവർത്തിച്ചാൽ പൊലീസിൽ പരാതി നൽകി കേസ് രജിസ്റ്റർ ചെയ്യുന്നതിനാണ് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ തീരുമാനം. ഇതിനു പുറമെ ഓടയിലേക്ക് മാലിന്യം ഒഴുക്കിയ സ്ഥാപനങ്ങളിൽ നിന്നും പിഴ ഈടാക്കിയിട്ടുണ്ട്.
നഗരാതിർത്തിയിൽ അനധികൃതമായി മാലിന്യം തളളുന്നവർക്കെതിരെ കർശന നടപടി തുടരുമെന്നും വരും ദിവസങ്ങളിലും രാത്രി കാലം ഉൾപ്പെടെ പരിശോധന ശക്തമാക്കുമെന്നും നഗരസഭാധ്യക്ഷൻ പി.പി. എൽദോസ്, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ പി.എം. അബ്ദുൽ സലാം എന്നിവർ വ്യക്തമാക്കി.
Post Your Comments