
പട്ടാപ്പകൽ വീടിന്റെ അടുക്കള വാതിൽ കുത്തിതുറന്നശേഷം മോഷണം നടത്തിയ പ്രതികളെ പോലീസ് പിടികൂടി. കോന്നി തേക്കുംതോട്ടിലെ വീട്ടിലാണ് പ്രതികൾ പട്ടാപ്പകൽ മോഷണം നടത്തിയത്. അന്തർ സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച പോലീസ് പ്രതികളെ തമിഴ്നാട്ടിൽ നിന്നാണ് പിടികൂടിയത്. പന്തളം സ്വദേശി അനീഷ്, സഹായി തേക്കുംതോട് വെട്ടുവേലിൽ പറമ്പിൽ രാജേഷ് എന്നിവരാണ് പിടിയിലായത്.
ഈ മാസം രണ്ടാം തീയതിയാണ് മോഷണം നടന്നത്. തേക്കുംതോട് ഒറ്റയ്ക്ക് താമസിച്ചിരുന്ന വത്സല രവീന്ദ്രൻ വീട് പൂട്ടിയ ശേഷം ജംഗ്ഷനിലെ എടിഎമ്മിൽ പോകുന്ന സമയത്താണ് പ്രതികൾ മോഷണം നടത്തിയത്. വീട്ടിൽ നിന്ന് 13 പവൻ സ്വർണവും പണവും നഷ്ടമായിട്ടുണ്ട്. തേക്കുംതോട് സ്വദേശി രാജേഷിന്റെ സഹായത്തോടെയാണ് അനീഷ് വീട്ടിലെത്തിയത്. തുടർന്ന് 6,500 രൂപയും, സ്വർണാഭരണങ്ങളും മോഷ്ടിക്കുകയായിരുന്നു. അടുക്കള വാതിൽ അടച്ച ശേഷമാണ് പ്രതികൾ പുറത്തേക്ക് പോയത്.
വീട്ടുടമസ്ഥ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണസംഘം തെളിവുകൾ ശേഖരിച്ചിരുന്നു. മോഷണ മുതലിൽ കുറച്ചുഭാഗം കോന്നിയിലെ ധനകാര്യ സ്ഥാപനത്തിൽ വിറ്റിട്ടുണ്ടെന്ന് പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments