Latest NewsKeralaNews

മണിപ്പൂര്‍ സംഘര്‍ഷം യാദൃശ്ചികമായി സംഭവിച്ചതല്ല, കൃത്യമായ ഗൂഢാലോചനയുടെ ഭാഗം: തോമസ് ഐസക്

കേരളത്തില്‍ ഇത് നടപ്പില്ല കാരണം ഇവിടെ ഭരിക്കുന്നത് പിണറായി വിജയനാണ്: തോമസ് ഐസക്

തിരുവനന്തപുരം: മണിപ്പൂരിലെ ലഹള കേരളത്തിനു വലിയൊരു സന്ദേശം നല്‍കുന്നുണ്ടെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്. ഈ ലഹള യാദൃശ്ചികമായി സംഭവിച്ചതല്ല, കൃത്യമായ ഒരു പദ്ധതിയുടെ ഭാഗമാണ്. പട്ടികവര്‍ഗ്ഗ അവകാശം നഷ്ടപ്പെടുന്നതിനെതിരെയുള്ള ചെറുത്തുനില്‍പ്പിനെ രണ്ട് വിഭാഗം മതവിശ്വാസികള്‍ തമ്മിലുള്ള വര്‍ഗ്ഗീയ ലഹളയായി വളരെ ആസൂത്രിതമായി മാറ്റിയെടുത്തതാണ്. കേരളം മണിപ്പൂര്‍ അല്ല. ഇടതുപക്ഷത്തിനാണ് ഇവിടെ മുന്‍തൂക്കം.

Read Also: സിനിമാ സെറ്റുകളിൽ ഷാഡോ പൊലീസിനെ വിന്യസിക്കും, അന്വേഷണം ആരംഭിച്ചതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

‘മണിപ്പൂരിലെ ലഹള കേരളത്തിനു വലിയൊരു സന്ദേശം നല്‍കുന്നുണ്ട്. ഈ ലഹള യാദൃശ്ചികമായി സംഭവിച്ചതല്ല, കൃത്യമായ ഒരു പദ്ധതിയുടെ ഭാഗമാണ്. പോള്‍ ബ്രാസിനെപ്പോലുള്ള പണ്ഡിതര്‍ ഇന്ത്യയിലെ വര്‍ഗ്ഗീയ ലഹളകളെക്കുറിച്ചു ചൂണ്ടിക്കാണിച്ചിട്ടുള്ള സവിശേഷത മണിപ്പൂരിനും ബാധമകാണ്. തടയാന്‍ കഴിയാത്ത പ്രവചനാതീതമായ സ്വാഭാവികമായി നടക്കുന്ന ഒന്നല്ല ഹിന്ദു-മുസ്ലിം കലാപങ്ങള്‍. മണിപ്പൂരിലെ സംഭവവികാസങ്ങള്‍ പോള്‍ ബ്രാസിന്റെ പാഠപുസ്തകത്തിന്റെ മാതൃകയില്‍ കൃത്യമായി സംഘടിപ്പിക്കപ്പെട്ടിട്ടുള്ളതാണെന്ന് ഡല്‍ഹി ഇന്ത്യന്‍ എക്‌സ്പ്രസില്‍ ഹൈദരാബാദ് സര്‍വ്വകലാശാലയിലെ ഖാം ഖാന്‍ എഴുതിയ ലേഖനത്തില്‍ വിശദീകരിക്കുന്നുണ്ട്’.

‘മണിപ്പൂരില്‍ 42 ശതമാനം ഹിന്ദുക്കളാണ്. 41 ശതമാനം ക്രിസ്ത്യാനികളാണ്. 9 ശതമാനം മുസ്ലിങ്ങളും. ക്രിസ്ത്യന്‍ മതവിഭാഗം മഹാഭൂരിപക്ഷം വിവിധ ഗോത്രവര്‍ഗ്ഗക്കാരാണ്. അവര്‍ മലകളില്‍ ഏറ്റവും പിന്നോക്കമായ സാഹചര്യങ്ങളില്‍ ജീവിക്കുന്നവരാണ്. ഹിന്ദുക്കളാവട്ടെ മെയ്ത്തി ജാതിയില്‍പ്പെട്ടവരാണ്. അവര്‍ താഴ്‌വരകളിലെ ഫലഭൂയിഷ്ഠമായ മേഖലകളിലും നഗരങ്ങളിലുമായി താമസിക്കുന്നു. താരതമ്യേന സാമ്പത്തികമായി മെച്ചപ്പെട്ടവരാണ് ഇവര്‍’.

‘കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി 62 സീറ്റില്‍ 32 എണ്ണത്തില്‍ വിജയിച്ചു. കോണ്‍ഗ്രസിനു വെറും 5 സീറ്റ് മാത്രമാണു ലഭിച്ചത്. ജനതാദള്‍(യു) ഉം, നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയും (എന്‍പിപി) 6 സീറ്റുകള്‍ വീതം വിജയിച്ചു. നാഗാ പീപ്പിള്‍സ് ഫ്രണ്ടിന് 5 സീറ്റും. ബിജെപിയും എന്‍പിപിയും നാഗാ ഫ്രണ്ടും ഒരു മുന്നണിയായിട്ടാണ് ഇപ്പോള്‍ ഭരണം. എങ്കിലും ശ്രദ്ധേയമായ കാര്യം ന്യൂനപക്ഷങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള സംസ്ഥാനത്ത് ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയെന്നുള്ളതാണ്. എങ്ങനെ ഇതു നേടി?’

‘ബിജെപിക്ക് ഇപ്പോഴും ഹിന്ദുസമുദായത്തില്‍ ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. ക്രിസ്ത്യന്‍ ന്യൂനപക്ഷത്തെ കൂട്ടുപിടിച്ചാണ് ഭൂരിപക്ഷം നേടിയത്. അതിന് കേരളത്തിലെ ക്രിസംഘികളെപ്പോലെ ഒരു വിഭാഗത്തെ സൃഷ്ടിച്ചെടുത്തു. അതിന് നവമാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തെയാണ് കൂടുതല്‍ ഉപയോഗപ്പെടുത്തിയത്. അതുപോലെ തന്നെ മുസ്ലിം വിരോധവും. മുസ്ലിങ്ങള്‍ മ്യാന്മാറില്‍ നിന്നുള്ള കുടിയേറ്റക്കാരാണെന്ന പ്രചാരണം ഇത് എളുപ്പമാക്കിത്തീര്‍ത്തു’.

‘2017-ലെ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 60-ല്‍ 21 സീറ്റേ ലഭിച്ചുള്ളൂ. മറ്റുള്ള പാര്‍ട്ടികളില്‍ നിന്നും കാലുമാറ്റിച്ച് ഭൂരിപക്ഷമുണ്ടാക്കി ആദ്യമായി ബിജെപി ഭരണം സ്ഥാപിച്ചു. 28 സീറ്റ് നേടി ഭൂരിപക്ഷത്തിന്റെ അടുത്ത് എത്തിയ കോണ്‍ഗ്രസിന് പ്രതിപക്ഷത്ത് ഇരിക്കേണ്ടി വന്നു. ഭരണം ഉപയോഗപ്പെടുത്തി വളരെ ചിട്ടയായി ഹിന്ദു വര്‍ഗ്ഗീയത വളര്‍ത്താനുള്ള പരിശ്രമമാണ് പിന്നീടു നടന്നത്. പല ട്രൈബല്‍ മേഖലകളിലും താമസിച്ചിരുന്നവര്‍ മ്യാന്മറില്‍ നിന്നും കുടിയേറിയവരാണെന്ന വ്യാപകമായ പ്രചാരണം നടന്നു. ചില ഒഴിപ്പിക്കല്‍ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചു. മെയ്ത്തി വിഭാഗമാണ് മണിപ്പൂരിന്റെ യഥാര്‍ത്ഥ അവകാശികളെന്ന ചിന്താഗതി പിരികയറ്റി. എങ്കിലും ക്രിസ്ത്യന്‍വിരുദ്ധ ആക്രമണം കെട്ടഴിച്ചു വിട്ടില്ല. ക്രിസംഘികളുടെ സഹായത്തോടെയാണല്ലോ 2022-ലെ മിന്നുന്ന വിജയം ബിജെപി കരസ്ഥമാക്കിയത്’.

‘എന്നാല്‍ തെരഞ്ഞെടുപ്പ് വിജയത്തോടെ ബിജെപിയുടെ പ്രഥമ ലക്ഷ്യം മെയ്ത്തി വിഭാഗത്തില്‍പ്പെട്ട ഹിന്ദുക്കളെ മുഴുവന്‍ തങ്ങളോടൊപ്പം കൊണ്ടുവരികയെന്നതായി. കോടതിയില്‍ മെയ്ത്തി വിഭാഗത്തിനു സംവരണം ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്തു. അതു പരിശോധിക്കാനുള്ള കോടതിവിധിയെ ഉപയോഗപ്പെടുത്തി മെയ്ത്തിക്കും സംവരണം അനുവദിച്ചു. അതും പോരാഞ്ഞ് അവരെ പട്ടികവര്‍ഗ്ഗക്കാരുമായിട്ട് അംഗീകാരം നല്‍കി’.

‘അതോടെ ഗിരിവര്‍ഗ്ഗ മേഖലകളില്‍ ഭൂമി മെയ്തിക്കാര്‍ക്കു വാങ്ങാമെന്നായി. തൊഴിലും ഭൂമിയും നഷ്ടപ്പെടുന്നമെന്ന ഭീഷണി നേരിട്ടപ്പോള്‍ ചില പട്ടികവര്‍ഗ്ഗ ഗോത്രക്കാര്‍ സമരത്തിനിറങ്ങി. സംഘര്‍ഷങ്ങള്‍ മൂര്‍ച്ഛിച്ചു. അതാണ് ഇന്നത്തെ ലഹളയായി മാറിയത്. ഇതാണ് ബിജെപി ആഗ്രഹിച്ചത്. ഇന്ന് മണിപ്പൂര് വര്‍ഗ്ഗീയമായി ധ്രുവീകരിക്കപ്പെട്ടിരിക്കുന്നു. അല്ലാതെ മറ്റു പോംവഴി ആര്‍ക്കുമില്ല. വ്യാപകമായി പള്ളികള്‍ ആക്രമിക്കപ്പെടുന്നു. പട്ടികവര്‍ഗ്ഗ അവകാശം നഷ്ടപ്പെടുന്നതിനെതിരെയുള്ള ചെറുത്തുനില്‍പ്പിനെ രണ്ട് വിഭാഗം മതവിശ്വാസികള്‍ തമ്മിലുള്ള വര്‍ഗ്ഗീയ ലഹളയായി വളരെ ആസൂത്രിതമായി മാറ്റിയെടുത്തു’.

‘പക്ഷേ, ന്യൂനപക്ഷങ്ങള്‍ എണ്ണത്തില്‍ പ്രബലമാണല്ലോ. അവരുടെ പിന്തുണയില്ലാതെ ബിജെപിക്ക് അടുത്ത തെരഞ്ഞെടുപ്പ് എങ്ങനെ നേടാനാകും? നടക്കുന്നത് വംശീയ ശുദ്ധീകരണമാണ്. നവമാധ്യമങ്ങളില്‍ പാലായനം ചെയ്യുന്ന പട്ടികവര്‍ഗ്ഗക്കാരുടെ ചിത്രങ്ങള്‍ കാണാം. അവര്‍ വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് അഭിയാര്‍ത്ഥികളായി പാലായനം ചെയ്യുകയാണ്. അഭയാര്‍ത്ഥികള്‍ക്ക് എവിടെ വോട്ട്?’

‘കേരളം മണിപ്പൂര്‍ അല്ല. ഇടതുപക്ഷത്തിനാണ് ഇവിടെ മുന്‍തൂക്കം. എങ്കിലും നമ്മളെ തകര്‍ക്കാന്‍ ഏതോ ഒരു ഭീകരപദ്ധതി ബിജെപി സ്വരുക്കൂട്ടുന്നതെന്നുവേണം ഊഹിക്കാന്‍. വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലെ ക്രിസ്ത്യന്‍ ഭൂരിപക്ഷം തങ്ങള്‍ക്ക് ഒപ്പമാണെന്നു പറഞ്ഞുകൊണ്ടാണല്ലോ ക്രിസ്ത്യന്‍ ന്യൂനപക്ഷത്തില്‍ ഒരു വിഭാഗത്തെ തങ്ങളോടൊപ്പം കൂട്ടാന്‍ കേരളത്തില്‍ ബിജെപി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിനായി അവര്‍ മുസ്ലിം വിരോധത്തെയാണ് ഉപയോഗപ്പെടുത്തുന്നത്. പക്ഷേ, കേരളത്തില്‍ സംസ്ഥാന വ്യാപകമായ ഒരു ലഹള നടത്തുന്നതിനുള്ളശേഷി ബിജെപിക്ക് ഇന്നും ഇല്ല എന്നതാണു സത്യം’.

shortlink

Related Articles

Post Your Comments

Related Articles


Back to top button