നിലമ്പൂർ: നാടൻ തോക്ക് അറ്റകുറ്റപ്പണി നടത്തുന്നതിനിടെ മൂന്നുപേരെ വനപാലകർ അറസ്റ്റ് ചെയ്തു. തോക്കും നിർമാണ സാമഗ്രികളും പിടിച്ചെടുത്തു. അകമ്പാടം സ്വദേശി കുന്നൻചിറക്കൽ അബ്ദുസലീം (43), ചുങ്കത്തറ എരുമമുണ്ട സ്വദേശി രാജേഷ് ചോലക്കൽ (36), തൃശൂർ ആലപ്പാട് സ്വദേശി സന്ദീപ് (34) എന്നിവരാണ് വനപാലകരുടെ പിടിയിലായത്.
അബ്ദുസലീമിന്റെ അകമ്പാടം കണ്ണംകുണ്ടിലെ വില്ലാ സ്ട്രോളി എന്ന കേന്ദ്രത്തിലാണ് നാടൻ തോക്കുകളുടെ അറ്റകുറ്റപ്പണി നടന്നിരുന്നത്. മൃഗവേട്ട ഉൾപ്പടെ നിരവധി വനം കേസുകളിൽ പ്രതിയായ സലീം ആദ്യമായാണ് പിടിയിലാവുന്നത്. ഒളിവിൽ കഴിഞ്ഞ ശേഷം ഹൈകോടതിയിൽ നിന്ന് മുൻകൂർ ജാമ്യം എടുക്കുകയോ, അല്ലെങ്കിൽ കോടതി നിർദേശ പ്രകാരം ഉപാധികളോടെ വനം വകുപ്പിന് മുന്നിൽ കീഴടങ്ങുകയോ ചെയ്യാറാണ് പതിവ്. ഈ സംഘം നിരവധി പേർക്ക് ലൈസൻസില്ലാത്ത തോക്കുകൾ അറ്റകുറ്റപ്പണി ചെയ്ത് കൊടുത്തതായി വനം വകുപ്പിന് വിവരം ലഭിച്ചിട്ടുണ്ട്.
Read Also : സിനിമാസെറ്റുകളിലെ ലഹരി ഉപയോഗം: അന്വേഷണം ആരംഭിച്ച് എക്സൈസ്, ‘അമ്മ’യിൽ നിന്നടക്കം വിവരങ്ങൾ തേടും
നിലമ്പൂർ നോർത്ത് ഡി.എഫ്.ഒ ടി. അശ്വിൻ കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. എ.സി.എഫ് രവീന്ദ്രനാഥൻ, എടവണ്ണ റെയ്ഞ്ച് ഓഫീസർ ടി. റഹീസ്, അകമ്പാടം ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ വി.കെ. മുഹ്സിൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി.എൻ. നിഥിൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കെ.പി. അനിൽകുമാർ, കെ. ശരത് ബാബു, കെ. മനോജ് കുമാർ, എസ്. ഷാജു, പി.എസ്. അമൃതരാജ്, കെ.ടി. അബീന എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Post Your Comments