ഇടുക്കിയുടെ വിവിധ മേഖലകളിൽ വലിയ നാശനഷ്ടങ്ങൾ വിതച്ച അരിക്കൊമ്പൻ വീണ്ടും ജനവാസ മേഖലയിലേക്ക് എത്തി. റേഡിയോ കോളറിലെ വിവരങ്ങൾ അനുസരിച്ച്, ഇന്നലയാണ് അരിക്കൊമ്പൻ തമിഴ്നാട്ടിലെ ജനവാസ മേഖലയിൽ എത്തിയത്. അതേസമയം, ഇന്നലെ രാത്രിയോടെ ഹൈവേസ് ഡാമിന് സമീപം നീങ്ങിയ അരിക്കൊമ്പൻ, ഡാമിന് സമീപത്തെ കൃഷി നശിപ്പിക്കാൻ ശ്രമിച്ചിരുന്നു. തുടർന്ന് തൊഴിലാളികളും നാട്ടുകാരും ചേർന്നാണ് അരിക്കൊമ്പനെ വീണ്ടും കാട്ടിലേക്ക് തുരത്തിയത്. നിലവിൽ, തമിഴ്നാട് വനമേഖലയിലൂടെ തന്നെയാണ് അരിക്കൊമ്പൻ സഞ്ചരിക്കുന്നത്.
കേരള- തമിഴ്നാട് അതിർത്തിയിൽ പ്രതികൂല കാലാവസ്ഥയാണ് ഉള്ളത്. മഴ മേഘങ്ങൾ മൂടിക്കിടക്കുന്നതിനാൽ ആനയുടെ ശരീരത്തിൽ ഘടിപ്പിച്ചിട്ടുള്ള ജിപിഎസ് കോളറിൽ നിന്നുള്ള സിഗ്നലുകൾ ലഭിക്കാൻ വൈകുന്നുണ്ടെന്നാണ് വിവരം. ഇന്നലെ പകൽ സമയത്ത് മുഴുവൻ പെരിയാർ കടുവാ സങ്കേതത്തിന് ചുറ്റും സഞ്ചരിച്ചിരുന്ന അരിക്കൊമ്പൻ, പിന്നീടാണ് തമിഴ്നാട്ടിലെ ജനവാസ മേഖലയെ കേന്ദ്രീകരിച്ച് നീങ്ങിയത്. റേഡിയോ കോളറിൽ നിന്നുള്ള വിവരങ്ങൾ വൈകുന്ന സാഹചര്യത്തിൽ, വനംവകുപ്പിന്റെ നേതൃത്വത്തിൽ നിരീക്ഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
Post Your Comments