കുറ്റ്യാടി: ഭക്ഷണം കഴിച്ച് പണം നൽകാതെ മുങ്ങിയ എസ്ഐ പിടിയിൽ. മദ്യലഹരിയിൽ ചുരംറോഡിലെ ഹോട്ടലിലും തൊട്ടിൽപ്പാലം കെഎസ്ആർടിസി ഡിപ്പോ പരിസരത്തും പരാക്രമം കാണിച്ച ന്യൂമാഹി പോലീസ് സ്റ്റേഷനിലെ എസ്ഐ അനിൽകുമാറിനെയാണ് പൊലീസ് പിടികൂടിയത്. തൊട്ടിൽപ്പാലം പോലീസും നാട്ടുകാരും ചേർന്ന് ആണ് ഇയാളെ പിടികൂടിയത്.
പക്രംതളം ചുരം പത്താംവളവിനു സമീപത്തെ ഹോട്ടലിലും തൊട്ടിൽപ്പാലം കെഎസ്ആർടിസി ഡിപ്പോ പരിസരത്തും ആണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കുടുംബത്തോടൊപ്പം പക്രംതളം ചുരത്തിലെ ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചതിനുശേഷം ഹോട്ടൽ ഉടമയുമായി വാക്തർക്കത്തിലേർപ്പെടുകയും ഹെൽത്ത് ഇൻസ്പെക്ടറാണെന്നു പറഞ്ഞ് പണം കൊടുക്കാതെ ഹോട്ടലുടമയെ അസഭ്യം പറഞ്ഞ് സ്ഥലം വിടുകയുമായിരുന്നു.
വിവരമറിഞ്ഞ നാട്ടുകാരും പോലീസും ചേർന്ന് തൊട്ടിൽപ്പാലം കെഎസ്ആർടിസി ഡിപ്പോ പരിസരത്തുവെച്ച് എസ്ഐയും കുടുംബവും സഞ്ചരിച്ച ടാക്സി കാർ തടഞ്ഞുനിർത്തി. നാട്ടുകാരുടെയും കസ്റ്റഡിയിലെടുക്കാനെത്തിയ തൊട്ടിൽപ്പാലം പോലീസിന്റെയും നേർക്ക് അസഭ്യവർഷം തുടർന്ന ഇയാളെ പോലീസ് ബലം പ്രയോഗിച്ച് തൊട്ടിൽപ്പാലം പോലീസ് സ്റ്റേഷനിലെത്തിച്ചു. ചോദ്യം ചെയ്യലിനിടെയാണ് ന്യൂമാഹി സ്റ്റേഷൻ എസ്ഐ അനിൽകുമാറാണ് പിടിയിലായിരിക്കുന്നതെന്ന് മനസ്സിലായത്. വൈദ്യപരിശോധനയ്ക്കായി കുറ്റ്യാടി താലൂക്കാശുപത്രിയിലെത്തിച്ചപ്പോഴും ഇയാൾ ബഹളം തുടരുകയായിരുന്നു. മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് കേസ് ചാർജ് ചെയ്തതിനുശേഷം ജാമ്യത്തിൽ വിട്ടയച്ചു.
Post Your Comments