KeralaLatest NewsNews

വീട്ടമ്മയെ കബളിപ്പിച്ച് 81 ലക്ഷം രൂപ തട്ടിയെടുത്തു: നൈജീരിയൻ സ്വദേശി അറസ്റ്റിൽ 

കോട്ടയം: വീട്ടമ്മയെ കബളിപ്പിച്ച് 81 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ നൈജീരിയൻ സ്വദേശി അറസ്റ്റിൽ. ചങ്ങനാശ്ശേരി ചെത്തിപ്പുഴ സ്വദേശിനിയായ വീട്ടമ്മയാണ് തട്ടിപ്പിനിരയായത്. നൈജീരിയൻ സ്വദേശിയായ ഇസിചിക്കുവിനെയാണ് (26) കോട്ടയം സൈബർ പോലീസ് സംഘം ഡൽഹിയിൽ നിന്നും പിടികൂടിയത്.

2021-ലാണ് കേസിനാസ്പദമായ സംഭവം. വീട്ടമ്മയെ ഫേസ്ബുക്കിലൂടെയാണ് ഇയാള്‍ പരിചയപ്പെട്ടത്. അന്ന മോർ​ഗൻ എന്ന യുകെ സ്വദേശിനിയുടെ പേരിൽ വ്യാജ അക്കൗണ്ട് നിർമിച്ചായിരുന്നു തട്ടിപ്പ്. തുടർന്ന് സ്വാതന്ത്ര്യ ദിനത്തിന്റെയന്ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന്റെ സന്തോഷത്തിൽ 30 കോടിയുടെ സമ്മാനം അയച്ചിട്ടുണ്ടെന്ന് ഇയാൾ വീട്ടമ്മയെ വിശ്വസിപ്പിച്ചു.

പിന്നീട് മുംബൈ കസ്റ്റംസ് ഓഫീസിലെ ഡിപ്ലോമാറ്റിക് ഏജന്റ് ആണെന്ന വ്യാജേന വീട്ടമ്മയ്ക്ക് ഒരു ഫോൺ കോൾ വന്നു. നിങ്ങൾക്ക് യുകെയിൽ നിന്നും വിലപ്പെട്ട വസ്തുക്കളും ഡോളറും വന്നിട്ടുണ്ടെന്നും കസ്റ്റംസ് ഡ്യൂട്ടി ഇനത്തിൽ 22000 രൂപ അടക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടു. വീട്ടമ്മയെ വിശ്വസിപ്പിക്കുന്നതിനായി സമ്മാനങ്ങളുടെ ഫോട്ടോയും വീഡിയോകളും അയച്ചു നൽകിയതോടെ കെണിയിൽ വീണ വീട്ടമ്മ ഇയാൾ ആവശ്യപ്പെട്ട പണം കെെമാറി. ഇതിനുശേഷം നിരവധി വിമാനത്താവളങ്ങളിൽ നിന്നും കസ്റ്റംസ് ഉദ്യോ​ഗസ്ഥരാണെന്ന വ്യാജേന കോൾ വരികയും ഇയാൾ ആവശ്യപ്പെട്ട അക്കൗണ്ടുകളിലേക്ക് വീട്ടമ്മ പണം കെെമാറുകയും ചെയ്തു.

എന്നാൽ, പിന്നീട് വീട്ടമ്മ പണം അയക്കാതിരുന്നതോടെ ഇവരുടെ സമ്മാനങ്ങൾ വിദേശത്തു നിന്ന് വന്നതാണെന്നും കെെപ്പറ്റിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും ചൂണ്ടിക്കാട്ടി ഇയാൾ വീണ്ടും വീട്ടമ്മയെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് വീണ്ടും ഇവര്‍ പണം അയച്ചു.

പിന്നീട് ഇത് സംബന്ധിച്ച് വീട്ടമ്മ കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കുകയും സെെബർ പോലീസിൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി തട്ടിപ്പ് നടത്തിയത് ഡൽഹിയിൽ നിന്നുമാണെന്ന് മനസ്സിലാകുന്നത്. കേസിൽ മറ്റ് പ്രതികൾ ഉണ്ടോയെന്നും കൂടുതൽ പേര്‍ ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടോ എന്നും പരിശോധിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button