Latest NewsKeralaNews

ഓൺലൈൻ ട്രിപ്പ് എടുത്ത ഊബർ ടാക്സി ഡ്രൈവർക്ക് ക്രൂര മര്‍ദ്ദനം 

ഇടുക്കി: ഇടുക്കി ആനച്ചാലിൽ ഓൺലൈൻ ട്രിപ്പ് എടുത്ത ഊബർ ടാക്സി ഡ്രൈവറെ ഒരു സംഘം മർദ്ദിച്ചതായി പരാതി. കൊച്ചിയിൽ നിന്നും യാത്രക്കാരെ ഇറക്കിയ ശേഷം തിരികെ ട്രിപ്പ് എടുക്കാൻ ശ്രമിച്ചപ്പോഴാണ് കാസർഗോഡ് സ്വദേശി മുഹമ്മദിനെ ഒരു സംഘം ആക്രമിച്ചത്. പരാതിയെ തുടർന്ന് വെള്ളത്തൂവൽ പൊലീസ് മൊഴിയെടുത്തെങ്കിലും കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.

കൊച്ചി വിമാനത്താവളത്തിൽ നിന്നും മൂന്നാർ ആനച്ചാലിലേക്ക് യാത്രക്കാരുമായി എത്തിയതായിരുന്നു മുഹമ്മദ്.

കഴിഞ്ഞ ദിവസം ഉച്ചക്ക് നെടുമ്പാശ്ശേരിയിൽ നിന്ന് യാത്രക്കാരുമായി ആനച്ചാലിലെത്തി. കൊച്ചിയിലേക്ക് തിരികെ ട്രിപ്പ് വേണമെന്ന് ഓൺലൈനായി അഭ്യർത്ഥന എത്തിയപ്പോൾ സ്വീകരിച്ചു. തുടർന്ന് ഹോട്ടൽ പരിസരത്ത് വാഹനം പാർക്ക് ചെയ്ത് കാത്തിരിക്കുമ്പോഴായിരുന്നു ഒരു സംഘം എത്തി മർദ്ദിച്ചത്. ഇവർ തന്നെയാണ് ഓൺലൈനായി ട്രിപ്പ് ആവശ്യപ്പെട്ടതെന്നും ക്രൂരമർദ്ദനമാണ് ഉണ്ടായതെന്നും മുഹമ്മദ് പറയുന്നു.

മുഹമ്മദിനെ പരിസരത്തെ ഹോട്ടൽ ജീവനക്കാർ ചേർന്നാണ് വെള്ളത്തൂവലിലെ ആശുപത്രിയിലെത്തിച്ചത്. അവിടെ നിന്ന് താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് കളമശ്ശേരി മെഡിക്കൽ കോളേജിലേക്കും മാറി. പരിശോധനയിൽ പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടമാർ അറിയിച്ചു. സ്വദേശമല്ലാത്തതിനാൽ കേസ് എടുത്ത് മുന്നോട്ട് പോകണോ എന്ന കാര്യത്തിൽ മുഹമ്മദിന് ആശയക്കുഴപ്പം ഉണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ആശുപത്രിയിൽ എത്തിക്കാൻ വേണ്ട നടപടികൾ ഉറപ്പാക്കിയിരുന്നുവെന്നും വെള്ളത്തൂവൽ പൊലീസ് പറഞ്ഞു. മർദ്ദിച്ചവർക്കെതിരെ കേസ് എടുക്കണമെന്നും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും മുഹമ്മദ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button