Latest NewsKeralaNews

‘കേരളം വിടുന്നു, ഉത്തർപ്രദേശോ ഡൽഹിയോ ആണെങ്കിൽ സുരക്ഷയും സ്വസ്ഥതയും കിട്ടും’: സഖാക്കൾ കൈയ്യൊഴിഞ്ഞുവെന്ന് ബിന്ദു അമ്മിണി

കോഴിക്കോട്: ശബരിമലയിൽ കയറിയത് മുതൽ നിരന്തരം പ്രശ്നങ്ങൾ നേരിടുന്നുവെന്ന് ആരോപിച്ച ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി കേരളം വിടുകയാണ്. കേരളം വിടുക എന്നത് പെട്ടെന്നെടുത്ത തീരുമാനമല്ലെന്നും, തനിക്ക് നേരെ ഉയരുന്ന ആക്രമണങ്ങളിൽ മനംമടുത്താണ് നാട് വിടുന്നതെന്നും ബിന്ദു അമ്മിണി പറയുന്നു. സുപ്രീം കോടതിയുടെ നിർദേശ പ്രകാരം തനിക്ക് മുഴുവൻ സമയവും പോലീസ് സംരക്ഷണമുണ്ടെങ്കിലും, അവരുടെ മുന്നിൽ വെച്ചാണ് താൻ ആക്രമിക്കപ്പെടുന്നതെന്നും ബിന്ദു അമ്മിണി പറയുന്നു. ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് സംസാരിക്കുകയായിരുന്നു ബിന്ദു.

തന്നെ സംബന്ധിച്ച് കേരളം ജീവിക്കാൻ കഴിയുന്ന സ്ഥലം അല്ലാതെ മാറിയെന്നും, മറ്റ് വഴികളില്ലാതെയാണ് ഇവിടം വിടുന്നതെന്നും ബിന്ദു അമ്മിണി വ്യക്തമാക്കി. കേരളം പ്രിവിലേജുകൾ ഉള്ളവർക്ക് സ്വസ്ഥമായി ജീവിക്കാൻ പറ്റിയ സ്ഥലമാണെന്ന് ബിന്ദു നേരത്തെ പറഞ്ഞിരുന്നു. ഉടൻ തന്നെ ഡൽഹിയിലേക്ക് തിരിക്കുമെന്നും ഇവർ പറയുന്നു. കേരളം വിടാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്നും, ഇനി താമസം എവിടെയാണെന്ന് ഡൽഹിയിൽ എത്തിയ ശേഷം ആകും തീരുമാനിക്കുക എന്നതും ബിന്ദു അമ്മിണി പറയുന്നു.

‘കേരളം ജീവിക്കാനാകാത്ത നാടായി മാറി. ഉത്തർപ്രദേശിലോ ഡൽഹിയിലോ ആണെങ്കിൽ സുരക്ഷയും സ്വസ്ഥതയും കിട്ടുമെന്നാണ് തോന്നുന്നത്. വടക്കേ ഇന്ത്യയിൽ പലതവണ പോയിട്ടുണ്ട്. ഒരിക്കൽ പോലും അവിടെ നിന്ന് മോശം അനുഭവം ഉണ്ടായിട്ടില്ല. ശബരിമലയിൽ കയറിയതിനു ശേഷം ആദ്യമൊക്കെ സി.പി.എം പ്രവർത്തകരും ഡി.വൈ.എഫ്.ഐയും സുരക്ഷ നൽകിയിരുന്നു. പിന്നെപ്പിന്നെ അവരും പിൻവലിഞ്ഞു. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ ശ്രമം നടത്തി, എന്നാൽ അദ്ദേഹത്തിന്റെ ഓഫീസ് അത് തടഞ്ഞു. പിന്നെ എങ്ങനെയാണ് കാര്യങ്ങൾ ധരിപ്പിക്കുക?’, ബിന്ദു അമ്മിണി ചോദിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button