തിരുവനന്തപുരം: നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ആളെ തേടിയുള്ള സ്വർണക്കടത്ത് സംഘത്തിന്റെ പോസ്റ്റുകൾ പൊലീസിന് തലവേദനയാകുന്നു. സാമൂഹ്യ മാധ്യമമായ ഇൻസ്റ്റാഗ്രാം കേന്ദ്രീകരിച്ചാണ് സ്വർണക്കടത്ത് സംഘമെന്ന് അവകാശപ്പെടുന്നവരുടെ പ്രവർത്തനം. യുഎഇ അടക്കമുള്ള വിദേശ രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് സ്വർണം കടത്താൻ സഹായിക്കാമെന്നാണ് ഇവരുടെ വാഗ്ദാനം. വാഗ്ദാനങ്ങൾക്ക് പുറമെ വിശ്വാസ്യത നേടാൻ തെളിവായി പല വീഡിയോകളും ഇവർ പോസ്റ്റ് ചെയ്യുന്നുണ്ട്.
പോലീസിനെ കുഴക്കുന്ന ഇൻസ്റ്റഗ്രാമിലെ ഈ അക്കൗണ്ട് വ്യാജമാണോ അതോ കള്ളക്കടത്ത് സംഘവുമായി യഥാർത്ഥത്തിൽ ബന്ധമുള്ളവരുടേതാണോ എന്ന് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. യുഎഇ അടക്കമുള്ള വിദേശ രാജ്യങ്ങളിൽ നിന്ന് സ്വർണ്ണം കടത്താൻ തങ്ങളെ സമീപിക്കുക എന്ന കുറിപ്പിലാണ് സമൂഹമാധ്യമത്തിൽ സംഘത്തിന്‍റെ പ്രവർത്തനം. സ്വർണ്ണം കാപ്സ്യൂൾ ആക്കി കടത്തുന്നതിന്‍റെ രീതിയും ദൃശ്യങ്ങളടക്കം 30 ഓളം വീഡിയോകൾ ഇതിനകം പോസ്റ്റ് ചെയ്തിട്ടുണ്ട്. ചുരുങ്ങിയ കാലയളവിൽ 14,000 ലേറെ പേരാണ് അക്കൗണ്ട് ഫോളോ ചെയ്യുന്നത്. എന്നാൽ ഈ സംഘം ഫോളോ ചെയ്യുന്നത് പോലീസിനെയും മാധ്യമങ്ങളെയും മാത്രമാണ്.
കാപ്സ്യൂൾ രൂപത്തിലുള്ള സ്വർണ്ണത്തെക്കുറിച്ച് ഫോളോ ചെയ്യുന്നവരുടെ സംശയങ്ങൾക്ക് സംഘം മറുപടി നൽകുന്നുണ്ട്. ശബ്ദമാറ്റം വരുത്തിയ ഓഡിയോയോടു കൂടിയാണ് ഇത്തരം വീഡിയോകൾ പോസ്റ്റ് ചെയ്യുന്നത്. ഒപ്പം വിമാനത്താവളങ്ങൾ വഴി കടത്തിയതാണെന്ന് അവകാശപ്പെട്ട് സ്വർണത്തിന്റെ വീഡിയോ പങ്കുവെച്ച് പോലീസിനെയും ഏജൻസികളെയും വെല്ലുവിളിക്കുന്നുമുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പോലീസ് ഈ അക്കൗണ്ട് നിരീക്ഷിക്കുകയാണ്. സോഷ്യൽ മീഡിയ കൈകാര്യം ചെയ്ത നല്ല പരിചയമുള്ളവരാണ് വീഡിയോ തയ്യാറാക്കുന്നതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
മലബാർ മേഖലയിലുള്ളവരുടെ ശബ്ദവുമായി സാമ്യമുള്ളവരുടെതാണ് വീഡിയോയിലുള്ള ശബ്ദം. അതിനാൽ മലബാർ കേന്ദ്രീകരിച്ച് സ്വർണ്ണക്കടത്ത് നടത്തുന്നവരുമായി ഈ അക്കൗണ്ടിന് ബന്ധമുണ്ടോ എന്നതാണ് പോലീസ് പരിശോധിക്കുന്നത്. പേജിന് കമന്‍റ് ചെയ്തവർക്ക് സമ്മാനം നൽകിയെന്നും ഈ സംഘം അവകാശപ്പെടുന്നുണ്ട്. സമ്മാനം കിട്ടിയെന്ന് പറയുന്നവരുടെ അക്കൗണ്ടും പോലീസ് പരിശോധിക്കുന്നുണ്ട്. ഇനി അക്കൗണ്ട് വ്യാജമാണെങ്കിലും നിയമ വിരുദ്ധ പ്രവർത്തനത്തിന് ആളെ തേടിയുള്ള സോഷ്യൽ മീഡിയ ഇടപെടൽ കുറ്റകരമാണെന്നും പോലീസ് വ്യക്തമാക്കുന്നു. ഇൻസ്റ്റ ഐഡി നിർമ്മിച്ചത് എവിടെയാണെന്ന് കണ്ടെത്തി കുറ്റക്കാരെ പുറത്തെത്തിക്കാനാണ് പോലീസ് ശ്രമിക്കുന്നത്.
Post Your Comments